അന്താരാഷ്ട്ര പരിപാടികൾക്ക് എത്തുന്നവർക്ക് പ്രത്യേക ‘ഇവന്റ്സ് വിസിറ്റ് വിസ’; വിശദാംശങ്ങളുമായി ദുബായ് GDRFA
സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, ഉച്ചകോടികൾ, സാംസ്‌കാരിക-കായിക മേളകൾ തുടങ്ങി യു.എ.ഇയിൽ നടക്കുന്ന ദേശീയ-അന്തർദേശീയ പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്ന വിദേശികൾക്കായുള്ള പ്രത്യേക ‘ഇവന്റ്സ് വിസിറ്റ് വിസ’ (Events Visit Visa) സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) പുറത്തുവിട്ടു.
സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ, കായിക, മത, സാമൂഹിക മേഖലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനോ സന്ദർശിക്കുന്നതിനോ വിദേശികൾക്ക് താൽക്കാലികമായി യു.എ.ഇയിൽ പ്രവേശിക്കാൻ അനുവദിക്കുന്ന പ്രത്യേക എൻട്രി പെർമിറ്റാണിത്. അന്താരാഷ്ട്ര സമ്മേളനങ്ങൾ, ട്രേഡ് എക്സിബിഷനുകൾ, ബിസിനസ് കൺവെൻഷനുകൾ, വിനോദ ഫെസ്റ്റിവലുകൾ, അക്കാദമിക് ഫോറങ്ങൾ, മറ്റ് പൊതുപരിപാടികൾ എന്നിവയിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്കും പ്രദർശകർക്കും സന്ദർശകർക്കുമായി ഒരു വർഷം മുൻപാണ് ഈ വിസ വിഭാഗം അവതരിപ്പിച്ചത്. ആഗോള ബിസിനസ്, ടൂറിസം, ഇവന്റ് ഹബ്ബ് എന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.
അംഗീകൃത പരിപാടികളുമായി ബന്ധിപ്പിച്ചാണ് ഈ വിസ അനുവദിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളോ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളോ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് മാത്രമേ വിസ ലഭ്യമാകൂ. പരിപാടി സംഘടിപ്പിക്കുന്ന സ്ഥാപനങ്ങൾ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് മുൻകൂർ അനുമതി വാങ്ങുകയും, പങ്കെടുക്കുന്ന അന്തർദേശീയ പ്രതിനിധികളുടെ എണ്ണമനുസരിച്ച് നിശ്ചിത വിസ ക്വാട്ടയ്ക്ക് അപേക്ഷിക്കുകയും വേണം. ക്വാട്ട അംഗീകാരം ലഭിച്ച ശേഷം സംഘാടകർക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്കായി വിസ സ്പോൺസർ ചെയ്യാം. അപേക്ഷകർ പരിപാടിയുടെ സ്വഭാവവും ദൈർഘ്യവും വ്യക്തമാക്കുന്ന സംഘാടകരുടെ സ്പോൺസർഷിപ്പ് കത്തും മറ്റ് അനുബന്ധ രേഖകളും സമർപ്പിക്കണം.
പരിപാടികളുടെ ആവശ്യങ്ങൾക്കനുസരിച്ച് 30 ദിവസമോ 60 ദിവസമോ താമസിക്കാവുന്ന രീതിയിലാണ് ഈ വിസ ലഭിക്കുക. സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി ഓപ്ഷനുകൾ ഇതിലുണ്ട്. ആവശ്യാനുസരണം വിസ ദീർഘിപ്പിച്ച് പരമാവധി 120 ദിവസം വരെ യു.എ.ഇയിൽ തങ്ങാനുള്ള സൗകര്യവുമുണ്ട്. നിരവധി യോഗങ്ങളിലും പ്രദർശനങ്ങളിലും പങ്കെടുക്കേണ്ടി വരുന്ന പ്രൊഫഷണലുകൾക്ക് മൾട്ടിപ്പിൾ എൻട്രി സൗകര്യം ഏറെ പ്രയോജനകരമാണെന്ന് അധികൃതർ വ്യക്തമാക്കി.
