ദുബൈയിൽ കാരവനുകൾക്കും ട്രെയ്‌ലറുകൾക്കും ഇനി പ്രത്യേക പാർക്കിംഗ്; അൽ റുവയ്യ യാർഡ് പദ്ധതിയുമായി ആർ.ടി.എ
ദുബൈയിൽ കാരവനുകൾ, ബോട്ടുകൾ, ട്രെയ്‌ലറുകൾ, ഫുഡ് ട്രക്കുകൾ എന്നിവയ്ക്കായി പ്രത്യേക പാർക്കിംഗ് സൗകര്യം ഒരുങ്ങുന്നു. ദുബൈ റോഡ് ഗതാഗത അതോറിറ്റി (RTA) 'അൽ റുവയ്യ യാർഡ്' പദ്ധതി ഇതിനായി പ്രഖ്യാപിച്ചു. നഗരത്തിലെ പാർക്കിംഗ് പ്രശ്നങ്ങൾ പരിഹരിക്കാനും ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന 335 പാർക്കിംഗ് ഇടങ്ങളാണ് ഈ പദ്ധതിയിലൂടെ ലഭ്യമാകുന്നതെന്ന് ആർ.ടി.എ സി.ഇ.ഒ അബ്ദുള്ള യൂസഫ് അൽ അലി അറിയിച്ചു. റോഡരികിലെ അനധികൃത പാർക്കിംഗ് തടയുന്നതിനും നഗരത്തിന്റെ സൗന്ദര്യം നിലനിർത്തുന്നതിനും ഇത് സഹായിക്കും. താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ പദ്ധതി ദുബൈയുടെ ആഗോള പ്രതിച്ഛായ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യ കമ്പനിയുമായി സഹകരിച്ച് (Public-Private Partnership) നടപ്പിലാക്കുന്ന ഈ പദ്ധതി ദുബൈ സാമ്പത്തിക അജണ്ടയുടെ (D33) ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും നഗരത്തിന്റെ സുസ്ഥിര വികസനത്തിനും വലിയ സംഭാവന നൽകും. അൽ റുവയ്യയ്ക്ക് പുറമെ ദുബൈയുടെ മറ്റ് ഭാഗങ്ങളിലും സമാനമായ പാർക്കിംഗ് കേന്ദ്രങ്ങൾ ആരംഭിക്കാൻ ആർ.ടി.എ ലക്ഷ്യമിടുന്നുണ്ട്.
