ഇ 311 ഹൈവേയിൽ വേഗപരിധി കുറച്ചു; സെപ്റ്റംബർ 14 മുതൽ പ്രാബല്യത്തിൽ

  1. Home
  2. International

ഇ 311 ഹൈവേയിൽ വേഗപരിധി കുറച്ചു; സെപ്റ്റംബർ 14 മുതൽ പ്രാബല്യത്തിൽ

e311


റോഡ് സുരക്ഷ മുൻനിർത്തി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം റോഡിൽ (ഇ 311) പരമാവധി വേഗപരിധി കുറച്ചതായി അബുദാബി മൊബിലിറ്റി അറിയിച്ചു. സെപ്റ്റംബർ 14 തിങ്കളാഴ്ച മുതൽ റോഡിന്റെ ഇരുവശങ്ങളിലെയും പരമാവധി വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറയും. ദുബായ് ഉൾപ്പെടെയുള്ള മറ്റ് എമിറേറ്റുകളിൽ ഈ പാത ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് എന്നാണ് അറിയപ്പെടുന്നത്.

വടക്ക് അൽ ശംഖ, തെക്ക് മദീന അൽ റിയാദ്, ബനിയാസ് ഖബർസ്ഥാൻ എന്നിവയ്ക്കിടയിലുള്ള നിർണായക ഹൈവേ ഭാഗത്താണ് പുതിയ വേഗപരിധി ബാധകമാവുന്നത്. അൽ തുറൂശ് സ്ട്രീറ്റ്/തവി അൽ ഖൈമ സ്ട്രീറ്റ് ജങ്ഷനുകൾക്കും അൽ ഖൈർ സ്ട്രീറ്റ് ഇന്റർചേഞ്ചിനും ഇടയിലുള്ള ഈ പാത വഴി അബുദാബിയിലേക്കും ദുബായിലേക്കും പോകുന്ന വാഹനങ്ങൾക്ക് വേഗനിയന്ത്രണം ബാധകമാണ്.

റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബിയിൽ മുൻപും വിവിധ വേഗപരിധി മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. 2025 ഏപ്രിലിൽ ഇ 311 റോഡിലെ മണിക്കൂറിൽ 120 കിലോമീറ്റർ എന്ന കുറഞ്ഞ വേഗപരിധി ഒഴിവാക്കിയിരുന്നു. തുടർന്ന് 2026 ഫെബ്രുവരിയിൽ അബുദാബി-അൽ ഐൻ റോഡ് (ഇ 22), അൽ റൗദ റോഡ് (ഇ 30) എന്നിവയുൾപ്പെടെ മൂന്ന് പ്രധാന പാതകളിൽ അബുദാബി ഗതാഗത വകുപ്പ് വേഗപരിധി കുറച്ചിരുന്നു. കൂടാതെ 2025 ഒക്ടോബറിൽ ശൈഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ കാലാവസ്ഥയ്ക്കും ഗതാഗതത്തിനും അനുസരിച്ച് വേഗത ക്രമീകരിക്കുന്ന വേരിയബിൾ സ്പീഡ് ലിമിറ്റ് സംവിധാനവും നടപ്പിലാക്കിയിരുന്നു. പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.