ഫുജൈറ-ഖോർഫക്കാൻ റോഡിൽ വേഗപരിധി 100 കിലോമീറ്ററായി കുറച്ചു; നാളെ മുതൽ പ്രാബല്യത്തിൽ
ഫുജൈറ-ഖോർഫക്കാൻ റോഡിലെ വാഹനങ്ങളുടെ പരമാവധി വേഗപരിധി ഫുജൈറ പോലീസ് പുനഃക്രമീകരിച്ചു. ഒക്ടോബർ 13 മുതൽ ഈ പാതയിലെ വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറയ്ക്കാനാണ് തീരുമാനം. ഊർജ-അടിസ്ഥാനസൗകര്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഫുജൈറ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സ് പുതിയ നടപടി സ്വീകരിച്ചത്.
റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെയും അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് വേഗപരിധിയിൽ മാറ്റം വരുത്തിയിട്ടുള്ളത്. ഈ റൂട്ടിൽ പുതിയ ട്രാഫിക് ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞതായി അധികൃതർ അറിയിച്ചു. ഒക്ടോബർ 13 മുതൽ സർവീസ് നടത്തുന്ന മുഴുവൻ വാഹന ഡ്രൈവർമാരും പുതിയ വേഗപരിധി കർശനമായി പാലിക്കണമെന്നും അല്ലാത്തപക്ഷം ഗതാഗത ലംഘനങ്ങൾക്ക് പിഴ ചുമത്തുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
