വ്യാജവാർത്ത പ്രചരിപ്പിച്ചാൽ 10 വർഷം വരെ തടവ്; കർശന മുന്നറിയിപ്പുമായി ബഹ്‌റൈൻ

  1. Home
  2. International

വ്യാജവാർത്ത പ്രചരിപ്പിച്ചാൽ 10 വർഷം വരെ തടവ്; കർശന മുന്നറിയിപ്പുമായി ബഹ്‌റൈൻ

bah


രാജ്യത്തിന്റെ സൈനിക നീക്കങ്ങളെ ബാധിക്കുന്ന തരത്തിലോ ജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്ന രീതിയിലോ ഉള്ള വ്യാജവാർത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ബഹ്‌റൈൻ ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റ്. ഇത്തരം നിയമലംഘനങ്ങളിൽ ഏർപ്പെടുന്നവർക്ക് ബഹ്‌റൈൻ ശിക്ഷാനിയമത്തിലെ ആർട്ടിക്കിൾ 133 പ്രകാരം പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. യുദ്ധസമയത്തോ അടിയന്തര സാഹചര്യങ്ങളിലോ തെറ്റായ വാർത്തകൾ, കിംവദന്തികൾ, പ്രകോപനപരമായ പ്രചാരണങ്ങൾ എന്നിവ നടത്തുന്നത് ഗുരുതരമായ കുറ്റകൃത്യമായാണ് രാജ്യം കണക്കാക്കുന്നത്.

സൈനിക തയ്യാറെടുപ്പുകളെയോ പ്രവർത്തനങ്ങളെയോ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവിടുന്നതും കുറ്റകരമാണ്. സോഷ്യൽ മീഡിയ വഴിയോ മറ്റ് മാധ്യമങ്ങൾ വഴിയോ വിവരങ്ങളും ചിത്രങ്ങളും പങ്കുവെക്കുമ്പോൾ അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം ദേശീയ സുരക്ഷയെ ബാധിക്കരുത്. അതിനാൽ സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും കിംവദന്തികളിൽ വിശ്വസിക്കാതെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചു.

ദേശീയ സുരക്ഷയും പൊതുതാൽപ്പര്യവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് മാധ്യമങ്ങളിലുൾപ്പെടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിയമലംഘകർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. മേഖലയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രവാസികളുൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയ ഇടപെടലുകളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

English Slug: Bahrain issues warning: Up to 10 years in prison for spreading fake news and military-related rumors.