തിരികെ കിട്ടിയത് പ്ലാസ്റ്റിക് ബാഗിൽ; 1510ലെ പെയിന്റിംഗിന് ലേലത്തിൽ ലഭിച്ചത് 18 കോടി രൂപ

  1. Home
  2. International

തിരികെ കിട്ടിയത് പ്ലാസ്റ്റിക് ബാഗിൽ; 1510ലെ പെയിന്റിംഗിന് ലേലത്തിൽ ലഭിച്ചത് 18 കോടി രൂപ

Titian


പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്ന വെനീഷ്യൻ മാസ്റ്റർ ടിഷ്യൻ വെസല്ലിയുടെ മോഷ്ടിക്കപ്പെട്ട പെയിന്റിംഗ്, 'റെസ്റ്റ് ഓൺ ദി ഫ്ലൈറ്റ് ടു ഈജിപ്ത്', ലണ്ടൻ ലേലത്തിൽ റെക്കോർഡ് തുകയ്ക്കു വിറ്റുപോയി. 1510ൽ ഇരുപതാം വയസിൽ ടിഷ്യൻ വരച്ച ഈ കലാസൃഷ്ടി 1995ൽ വിൽറ്റ്ഷെയറിലെ ലോംഗ്ലീറ്റ് ഹൗസിൽ നിന്നു മോഷ്ടിക്കപ്പെട്ടതാണ്. നിരവധി അന്വേഷണം നടത്തിയിട്ടും അതു കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ, അത്ഭുതകരമെന്നു പറയട്ടെ, ഏഴു വർഷത്തിന് ശേഷം അതൊരു പ്ലാസ്റ്റിക് ബാഗിൽ ഫ്രെയിമില്ലാതെ കണ്ടെത്തുകയായിരുന്നു.

ടിഷ്യന്റെ പെയിന്റിംഗിനു ലഭിക്കുന്ന റെക്കോഡ് തുകയാണിത്. പെയിന്റിംഗ് ആർദ്രമായ രംഗമാണു ചിത്രീകരിക്കുന്നത്. മേരി യേശുവിനെ തൊട്ടിലിൽ തൊഴുത് ജോസഫിനെ നോക്കുന്നതാണു ചിത്രം. രണ്ടടി വീതിയുള്ള മരത്തിൽ വരച്ചിരിക്കുന്ന കലാസൃഷ്ടിക്ക് സമ്പന്നമായ ഒരു ഭൂതകാലമുണ്ട്.

നൂറ്റാണ്ടുകളായി, ഇത് ഓസ്ട്രിയൻ ചക്രവർത്തി ജോസഫ് രണ്ടാമനെപ്പോലുള്ള പ്രമുഖ വ്യക്തികളുടെ ശേഖരം അലങ്കരിക്കുകയും വിയന്നയിലെ ബെൽവെഡെരെ കൊട്ടാരത്തിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു. പിന്നീട്, ഫ്രഞ്ച് സൈന്യം 1809ൽ നെപ്പോളിയന്റെ മ്യൂസിയത്തിനായി ഈ ചിത്രം കൊള്ളയടിച്ചു. പിന്നീട്, ഒരു സ്‌കോട്ടിഷ് ഭൂവുടമയുടെ ഉടമസ്ഥാവകാശത്തിലായി ചിത്രം. 1878ലെ ക്രിസ്റ്റീസ് ലേലത്തിൽ മറ്റൊരാൾ ഇതു വാങ്ങുകയായിരുന്നു. വർഷങ്ങൾക്കു ശേഷം 1995ൽ മോഷ്ടിക്കപ്പെട്ടെങ്കിലും 2002ൽ ഒരു ഡിറ്റക്ടീവിന്റെ ശ്രമഫലമായി വീണ്ടെടുക്കുകയായിരുന്നു. 

ടിഷ്യൻ (1485-1576) പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്നു. പതിനാറാം നൂറ്റാണ്ടിലെ വെനീഷ്യൻ സ്‌കൂൾ ചിത്രകാരന്മാരിൽ പ്രമുഖനായിരുന്ന ടിഷ്യൻ മൈക്കലാഞ്ജലൊയോടൊപ്പം  ഇറ്റാലിയൻ ചിത്രകലയുടെ പ്രശസ്തി വർധിപ്പിച്ചു. പ്രഗല്ഭനായ കൗൺസിലറും സൈനികനുമായിരുന്ന ഗ്രെഗോറിയോ വെസെല്ലിയുടെയും ലൂസിയയുടെയും മകനായി ഇറ്റലിയിലെ ആൽപ്സ് പ്രദേശത്ത് 1485ൽ ജനിച്ച ടിഷ്യൻ വെനിഷ്യൻ ചിത്രകലാവിദഗ്ധനായിരുന്ന ജിയോവന്നി ബെല്ലിനിയുടെ കീഴിൽ പരിശീലനം നേടിയിരുന്നതായി കരുതപ്പെടുന്നു.