യു.എ.ഇ ബാങ്കുകളിൽ എസ്.എം.എസ് ഒ.ടി.പി നിർത്തുന്നു; ഇടപാടുകൾ ഇനി മൊബൈൽ ആപ്പ് വഴി
യു.എ.ഇയിലെ ബാങ്കുകൾ ഓൺലൈൻ കാർഡ് ഇടപാടുകൾക്കായി നൽകിവരുന്ന എസ്.എം.എസ് ഒ.ടി.പി (OTP) സംവിധാനം അവസാനിപ്പിക്കുന്നു. സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇനിമുതൽ ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷൻ വഴി നേരിട്ടുള്ള പേയ്‌മെന്റ് ഓതന്റിക്കേഷൻ (App-based Authentication) രീതിയാണ് നടപ്പിലാക്കുന്നത്. ജനുവരി ആറ് മുതൽ പല പ്രമുഖ ബാങ്കുകളും ഈ പരിഷ്കാരം നടപ്പിലാക്കിത്തുടങ്ങും. ഇത് സംബന്ധിച്ച അറിയിപ്പുകൾ ബാങ്കുകൾ ഉപഭോക്താക്കൾക്ക് നൽകിക്കഴിഞ്ഞു.
യു.എ.ഇ സെൻട്രൽ ബാങ്കിന്റെ നിർദ്ദേശപ്രകാരം ഘട്ടംഘട്ടമായാണ് ഈ മാറ്റം കൊണ്ടുവരുന്നത്. 2026 മാർച്ചോടെ രാജ്യത്തെ എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര ഇടപാടുകളും പൂർണ്ണമായും ആപ്പ് വഴിയുള്ള ഓതന്റിക്കേഷനിലേക്ക് മാറണം. നിലവിൽ ഒ.ടി.പി നമ്പറുകൾ ടൈപ്പ് ചെയ്യുന്നതിന് പകരം, മൊബൈൽ ആപ്പിൽ വരുന്ന നോട്ടിഫിക്കേഷനിൽ ഒരു ക്ലിക്കിലൂടെ ഇടപാടുകൾക്ക് അംഗീകാരം നൽകാനോ തള്ളിക്കളയാനോ ഉപഭോക്താക്കൾക്ക് സാധിക്കും. ഇത് ഇടപാടുകൾ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കും.
സൈബർ തട്ടിപ്പുകൾ തടയുക എന്നതാണ് ഈ മാറ്റത്തിന്റെ പ്രധാന ലക്ഷ്യം. എസ്.എം.എസ് ഒ.ടി.പികൾ കൈക്കലാക്കി നടത്തുന്ന സാമ്പത്തിക തട്ടിപ്പുകൾക്ക് പുതിയ സംവിധാനം തടയിടും. ആപ്പുകളിൽ ബയോമെട്രിക്സ്, പാസ്‌കോഡ്, ലൈവ് വീഡിയോ സെൽഫി തുടങ്ങിയ അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഉള്ളതിനാൽ മറ്റൊരാൾക്ക് അക്കൗണ്ട് ആക്സസ് ചെയ്യുന്നത് അസാധ്യമാകും. പുതിയ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനായി ഉപഭോക്താക്കൾ അതത് ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് സജ്ജമാക്കണമെന്ന് അധികൃതർ അറിയിച്ചു.
