ഉംറ തീർഥാടകർ ഏപ്രിൽ 18-നകം മടങ്ങിയില്ലെങ്കിൽ കർശന നടപടി; മുന്നറിയിപ്പുമായി സൗദി മന്ത്രാലയം
ഉംറ വിസയിലെത്തിയ തീർഥാടകർ രാജ്യം വിടേണ്ട അവസാന തീയതി ഏപ്രിൽ 18 (ദുൽഖഅദ ഒന്ന്) ആണെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ഓർമ്മിപ്പിച്ചു. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവർക്കെതിരെ പിഴ, തടവ്, നാടുകടത്തൽ എന്നിവയുൾപ്പെടെയുള്ള കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി. തീർഥാടകരുടെ സുരക്ഷയും നിയമപരമായ നടപടിക്രമങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
യാത്ര സുഗമമാക്കുന്നതിനായി വിമാനത്താവളങ്ങളിൽ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുമ്പെങ്കിലും തീർഥാടകർ എത്തിച്ചേരണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. യാത്രാ ഷെഡ്യൂളുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഉംറ കമ്പനികളുമായി ഏകോപിപ്പിക്കുകയും താമസസ്ഥലങ്ങളിൽ നിന്നുള്ള ചെക്ക്-ഔട്ട് നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുകയും വേണം. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന തീർഥാടകരെക്കുറിച്ചുള്ള വിവരങ്ങൾ ഉംറ സർവീസ് കമ്പനികൾ കൃത്യസമയത്ത് അധികൃതരെ അറിയിക്കണം. ഇത്തരം വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ കാലതാമസം വരുത്തുന്ന കമ്പനികൾക്ക് കനത്ത സാമ്പത്തിക പിഴ ചുമത്തുന്നതാണ്.
നിയമലംഘകരെ സഹായിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിസ കാലാവധി കഴിഞ്ഞ തീർഥാടകർക്ക് താമസസൗകര്യം നൽകുകയോ, ജോലി നൽകുകയോ, യാത്രാ സൗകര്യം ഒരുക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. സ്വദേശികളോ താമസക്കാരോ ഇത്തരത്തിൽ നിയമലംഘകർക്ക് അഭയം നൽകിയാൽ അവർക്കും പിഴയും ജയിൽ ശിക്ഷയും നാടുകടത്തലും നേരിടേണ്ടി വരും. ഇന്ന് പുറത്തിറക്കിയ ഈ അറിയിപ്പ് വരാനിരിക്കുന്ന ഹജ്ജ് സീസണിന് മുന്നോടിയായുള്ള ക്രമീകരണങ്ങളുടെ ഭാഗം കൂടിയാണ്.
