പെർമിറ്റ് കാലാവധി കഴിഞ്ഞവരുടെ അക്കൗണ്ടുകൾക്ക് കർശന നിയന്ത്രണം; കുവൈത്തിൽ നിരീക്ഷണം ശക്തം
വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളുടെ മേൽനോട്ടം കർശനമാക്കാൻ പ്രാദേശിക ബാങ്കുകൾക്ക് നിർദേശം നൽകി കുവൈത്ത് സെൻട്രൽ ബാങ്ക്. തൊഴിൽ അനുമതി പത്രം അവസാനിച്ച ശേഷവും അക്കൗണ്ടുകൾ സജീവമായി തുടരുന്നത് തടയാനും സാമ്പത്തിക ക്രമക്കേടുകൾ ഇല്ലാതാക്കാനുമാണ് ഈ നീക്കം. പെർമിറ്റ് കാലാവധി കഴിഞ്ഞവരുടെ സിവിൽ ഐഡി വിവരങ്ങൾ ബാങ്കുകൾക്ക് ലഭ്യമാക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനുമായി (PACI) ചേർന്ന് സെൻട്രൽ ബാങ്ക് പ്രവർത്തിക്കും.
ഉപഭോക്താക്കളുടെ വിവരങ്ങൾ കൃത്യസമയത്ത് അപ്‌ഡേറ്റ് ചെയ്യാത്തത് വഴി പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. ഇത്തരം അക്കൗണ്ടുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നത് ഒഴിവാക്കാൻ 'നോ യുവർ കസ്റ്റമർ' (KYC) മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ തടയുന്നതിനുള്ള കുവൈത്തിന്റെ ആഗോള സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായാണ് ഈ പരിശോധനകൾ.
രേഖകൾ കൃത്യമല്ലാത്ത പ്രവാസികളുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് ബാങ്കുകൾ കടന്നേക്കും. സിവിൽ ഐഡി കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃതർ നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ കർശന നിർദ്ദേശങ്ങൾ വന്നതോടെ താമസ രേഖകളുടെ കാലാവധി കഴിഞ്ഞവർക്ക് ബാങ്കിങ് സേവനങ്ങൾ ലഭ്യമാകുന്നത് പ്രയാസകരമാകും.
