ഉംറ സേവനങ്ങളിൽ കർശനമായ നിലവാര പരിശോധന; 32,000-ത്തിലധികം പരിശോധനകൾ പൂർത്തിയാക്കി സൗദി മന്ത്രാലയം
പുതിയ ഉംറ സീസണിന്റെ തുടക്കം മുതൽ തീർത്ഥാടകർക്ക് ലഭ്യമാകുന്ന സേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി 32,000-ത്തിലധികം ഫീൽഡ് പരിശോധനകൾ പൂർത്തിയാക്കിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. മറ്റ് വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ചാണ് ദിവസേനയുള്ള പരിശോധനകൾ പുരോഗമിക്കുന്നത്.
ഉംറ തീർത്ഥാടകർ താമസിക്കുന്ന ഹോട്ടലുകൾ, സർവീസ് ഏജൻസികൾ, പ്രവർത്തന കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. സേവനങ്ങളിലെ വീഴ്ചകൾ അപ്പപ്പോൾ കണ്ടെത്തി പരിഹരിക്കാനും തീർത്ഥാടകരുടെ യാത്ര കൂടുതൽ സുഗമവും മികച്ചതുമാക്കാനും ഈ നടപടിയിലൂടെ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഹജ്ജ് സീസണിലും താമസസ്ഥലങ്ങളും ഫീൽഡ് സെന്ററുകളും കേന്ദ്രീകരിച്ച് 1,05,000-ത്തിലധികം പരിശോധനകൾ മന്ത്രാലയം പൂർത്തിയാക്കിയിരുന്നു. സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ മുൻനിർത്തി, തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് പരിശോധനാ സംവിധാനങ്ങൾ കൂടുതൽ ആധുനികവൽക്കരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
