കുവൈത്തിൽ ഡ്രോണുകൾക്കും എയർ സ്‌പോർട്സിനും കർശന നിയന്ത്രണം; ലംഘിച്ചാൽ തടവും പിഴയും

  1. Home
  2. International

കുവൈത്തിൽ ഡ്രോണുകൾക്കും എയർ സ്‌പോർട്സിനും കർശന നിയന്ത്രണം; ലംഘിച്ചാൽ തടവും പിഴയും

drone


കുവൈത്തിൽ ഡ്രോണുകൾ, ലൈറ്റ് സ്‌പോർട്സ് വിമാനങ്ങൾ, അനുബന്ധ എയർ സ്‌പോർട്സ് പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കർശന നിയന്ത്രണമേർപ്പെടുത്തി പുതിയ നിയമം പ്രാബല്യത്തിൽ വന്നു. സുരക്ഷയും വ്യോമമേഖലയുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെയും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന്റെയും മുൻകൂർ അനുമതിയും ലൈസൻസും ഇല്ലാതെ ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ പാടില്ലെന്ന് നിയമത്തിൽ വ്യക്തമാക്കുന്നു.

വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവും 5,000 ദീനാർ വരെ പിഴയുമാണ് പരമാവധി ശിക്ഷ. പുതിയ ഉത്തരവ് അനുസരിച്ച് ഡ്രോണുകൾ ഇറക്കുമതി ചെയ്യുന്നതിനും നിർമിക്കുന്നതിനും അസംബിൾ ചെയ്യുന്നതിനും പ്രോഗ്രാം ചെയ്യുന്നതിനും പ്രത്യേക പെർമിറ്റ് നിർബന്ധമാണ്. കൂടാതെ, രാജ്യത്തുള്ള എല്ലാ ഡ്രോണുകളും രജിസ്റ്റർ ചെയ്യുകയും അവയിൽ വ്യക്തമായ തിരിച്ചറിയൽ രേഖകൾ പതിപ്പിക്കുകയും വേണം.

വിമാനത്താവളങ്ങൾ, സൈനിക-സുരക്ഷാ കേന്ദ്രങ്ങൾ, തന്ത്രപ്രധാന നിയന്ത്രിത മേഖലകൾ എന്നിവയ്ക്ക് മുകളിലൂടെ ഡ്രോൺ പറത്തുന്നത് പൂർണമായി നിരോധിച്ചിട്ടുണ്ട്. സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിലോ നിയന്ത്രിത മേഖലകളിലോ അനധികൃതമായി പറക്കുന്ന ഡ്രോണുകൾ വെടിവച്ചിടാനും പ്രവർത്തനരഹിതമാക്കാനും സൈനിക-സുരക്ഷാ വിഭാഗങ്ങൾക്ക് പൂർണ അധികാരം നൽകിയിട്ടുണ്ട്.