ഖത്തറിൽ ഇ-സ്കൂട്ടറുകൾക്ക് കർശന നിയന്ത്രണം; രജിസ്ട്രേഷനും നമ്പർ പ്ലേറ്റും നിർബന്ധമാക്കി പുതിയ ഗതാഗത നിയമം

  1. Home
  2. International

ഖത്തറിൽ ഇ-സ്കൂട്ടറുകൾക്ക് കർശന നിയന്ത്രണം; രജിസ്ട്രേഷനും നമ്പർ പ്ലേറ്റും നിർബന്ധമാക്കി പുതിയ ഗതാഗത നിയമം

qatar e scooter


ഖത്തറിൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ (ഇ-സ്കൂട്ടർ) ഉപയോഗം നിയന്ത്രിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം പുതിയ ഗതാഗത നിയമം (2026-ലെ നിയമം നമ്പർ 19) പുറത്തിറക്കി. പുതിയ നിയമപ്രകാരം ഇ-സ്കൂട്ടറുകൾക്ക് ഇനി മുതൽ രജിസ്ട്രേഷനും നമ്പർ പ്ലേറ്റും നിർബന്ധമാണ്. നിശ്ചിത ഫീസ് അടച്ച് ലൈസൻസിങ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത ശേഷം ലഭിക്കുന്ന നമ്പർ പ്ലേറ്റ് വാഹനത്തിൽ നിർബന്ധമായും ഘടിപ്പിക്കണം. പ്ലേറ്റുകളുടെ നിറം, ആകൃതി, നിരക്ക് എന്നിവ സംബന്ധിച്ച വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കും. ഉടമയുടെ വ്യക്തിഗത വിവരങ്ങളിൽ മാറ്റമുണ്ടായാൽ 10 ദിവസത്തിനുള്ളിൽ അതോറിറ്റിയെ അറിയിക്കണം.

ഇ-സ്കൂട്ടർ യാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിച്ചിരിക്കണം. പ്രത്യേക സീറ്റുകൾ ഇല്ലാത്ത ഇ-സ്കൂട്ടറുകളിൽ മറ്റൊരാളെ കയറ്റി യാത്ര ചെയ്യാൻ പാടില്ല. പ്രത്യേക ട്രാക്കുകൾ ഉള്ള സ്ഥലങ്ങളിൽ ഇവ പ്രധാന റോഡുകളിലേക്ക് ഇറക്കരുത്. ട്രാക്കുകൾ ഇല്ലാത്ത റോഡുകളിൽ വലതുവശം ചേർന്ന് ഒന്നിന് പുറകെ ഒന്നായി മാത്രമേ ഓടിക്കാവൂ.

കൈകൊണ്ട് സിഗ്നലുകൾ നൽകുമ്പോഴൊഴികെ ഹാൻഡിൽബാറിൽ നിന്ന് കൈയെടുത്ത് വാഹനം ഓടിക്കുന്നതും, മുൻചക്രം ഉയർത്തിയുള്ള അഭ്യാസപ്രകടനങ്ങളും, ഓടിക്കൊണ്ടിരിക്കുന്ന മറ്റ് വാഹനങ്ങളിൽ പിടിച്ചുനിൽക്കുന്നതും പൂർണ്ണമായും നിരോധിച്ചു. പുതിയ നിയമത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനായി വിവിധ ഭാഷകളിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.