ഡിജിറ്റൽ ഉള്ളടക്കത്തിൽ കൃത്രിമം കാണിച്ചാൽ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി ഒമാൻ
മറ്റൊരാളുടെ ശബ്ദത്തിലോ ചിത്രത്തിലോ വീഡിയോയിലോ വ്യാജമായി മാറ്റങ്ങൾ വരുത്തുന്നത് ഒമാനിൽ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രൊസിക്യൂഷന്റെ മുന്നറിയിപ്പ്. ഇത്തരത്തിൽ വ്യാജ ഡിജിറ്റൽ ഉള്ളടക്കങ്ങൾ നിർമിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും 3 വർഷം വരെ തടവും 5,000 ഒമാനി റിയാൽ വരെ പിഴയും ലഭിക്കും.
അപകീർത്തിപ്പെടുത്തൽ, വ്യക്തിഹത്യ, മാന്യതയ്ക്ക് കോട്ടം തട്ടിക്കൽ എന്നീ ലക്ഷ്യങ്ങളോടെ നടത്തുന്ന വ്യാജ എഡിറ്റിംഗുകൾ കടുത്ത സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്നതാണ്. രാജകീയ ഉത്തരവ് 61/2026 പ്രകാരം പ്രാബല്യത്തിൽ വന്ന പുതിയ സൈബർ ക്രൈം വിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ 36/6 അടിസ്ഥാനമാക്കിയാണ് നടപടി. എ.ഐ (Artificial Intelligence) ഉപയോഗിച്ചുള്ള ഡീപ്‌ഫേക്കുകൾ നിർമിക്കുന്നവർക്കും ഇത് ബാധകമാണ്.
സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന ഉള്ളടക്കങ്ങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യും മുൻപ് അവയുടെ സത്യസന്ധത ഉറപ്പുവരുത്തണമെന്നും അനാവശ്യ വിവാദങ്ങളിലേക്ക് ആളുകളെ തള്ളിവിടുന്ന തരത്തിലുള്ള പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ നിർദേശിച്ചു.
