വാഹനം ഇടിച്ചിട്ട് നിർത്താതെ പോയാൽ ശക്തമായ നടപടി; മുന്നറിയിപ്പുമായി ഷാർജ പൊലീസ്
വാഹനങ്ങൾ തമ്മിൽ ചെറിയ ഉരസലുകൾ ഉണ്ടായാൽ പോലും നിർത്താതെ പോകുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കുമെന്ന് ഷാർജ പൊലീസിന്റെ മുന്നറിയിപ്പ്. പാർക്കിങ് ഏരിയകളിലോ താമസ സ്ഥലങ്ങളിലോ ഉണ്ടാകുന്ന നിസ്സാര അപകടങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന തെറ്റായ ധാരണ തിരുത്താനായി പൊലീസ് പുതിയ ട്രാഫിക് ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ചു. അപകടം ചെറുതാണെങ്കിലും വലുതാണെങ്കിലും സംഭവസ്ഥലത്ത് നിന്ന് മുങ്ങിയാൽ അത് 'ഹിറ്റ് ആൻഡ് റൺ' വിഭാഗത്തിൽ ഉൾപ്പെടുത്തി കർശന നടപടി സ്വീകരിക്കും.
അപകട സ്ഥലത്ത് നിന്ന് വാഹനം നിർത്താതെ പോകുന്നവർക്ക് 500 ദിർഹം പിഴയും ലൈസൻസിൽ എട്ട് ബ്ലാക്ക് പോയിന്റും ചുമത്തും. കൂടാതെ വാഹനം ഏഴ് ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാൻ 5000 ദിർഹം വരെ ഫീസ് നൽകേണ്ടി വരും. നിയമലംഘനം ആവർത്തിക്കുകയോ ബ്ലാക്ക് പോയിന്റുകൾ പരിധി കടക്കുകയോ ചെയ്താൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പൊലീസ് വ്യക്തമാക്കി.
ഡ്രൈവർമാർ സ്ഥലത്തുനിന്ന് മാറുന്നത് ചെറിയ അപകടങ്ങളെപ്പോലും വലിയ നിയമക്കുരുക്കുകളിലേക്ക് എത്തിക്കുമെന്ന് വ്യക്തമാക്കുന്ന ബോധവൽക്കരണ വീഡിയോയും ഷാർജ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഏത് തരം അപകടമുണ്ടായാലും ഉടൻ തന്നെ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും നിയമപരമായ നടപടികൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
