ജപ്പാനിൽ ശക്തമായ ഭൂചലനം; അഞ്ച് മരണം, ഷോപ്പിങ് മാൾ രണ്ടായി പിളർന്നു

  1. Home
  2. International

ജപ്പാനിൽ ശക്തമായ ഭൂചലനം; അഞ്ച് മരണം, ഷോപ്പിങ് മാൾ രണ്ടായി പിളർന്നു

japan


ജപ്പാനിലെ ക്യൂഷു ദ്വീപിലുള്ള കുമാമോട്ടോയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വ്യാപക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ടോക്കിയോയിൽ നിന്ന് 900 കിലോമീറ്റർ അകലെ, കുമാമോട്ടോ നഗരത്തിന് 20 കിലോമീറ്റർ തെക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഭൂചലനത്തെത്തുടർന്ന് കാഷിമ നഗരത്തിലെ ഒരു ഷോപ്പിങ് മാൾ രണ്ടായി പിളരുകയും ഒട്ടേറെപ്പേർ അതിനുള്ളിൽ കുടുങ്ങുകയും ചെയ്തു. നിപ്പോൺ പേപ്പർ ഫാക്ടറിയിലെ ചിമ്മിനി തകർന്ന് വീണ് ഏതാനും പേരെ കാണാതായിട്ടുണ്ട്. കുമാമോട്ടോയിൽ കെട്ടിടങ്ങളും പാലങ്ങളും റോഡുകളും തകർന്നു. മുൻകരുതലായി മൂന്ന് ലക്ഷത്തോളം പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു.

രക്ഷാപ്രവർത്തനത്തിനായി സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. മേഖലയിൽ നൽകിയിരുന്ന സുനാമി മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചു. ഒരാഴ്ചയായി ചെറുചലനങ്ങൾ അനുഭവപ്പെട്ടിരുന്നതിനാൽ പ്രദേശത്ത് നേരത്തെ തന്നെ ജാഗ്രതാ നിർദേശം നിലവിലുണ്ടായിരുന്നു.