ശക്തമായ കാറ്റും കടൽക്ഷോഭവും; ഖത്തറിൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

  1. Home
  2. International

ശക്തമായ കാറ്റും കടൽക്ഷോഭവും; ഖത്തറിൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

qatar


ഖത്തറിൽ വ്യാഴാഴ്ച ശക്തമായ കാറ്റിനും കനത്ത കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പകൽ സമയങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്നും ചിലയിടങ്ങളിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. തീരപ്രദേശങ്ങളിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 12 മുതൽ 22 നോട്ട്സ് വരെ വേഗതയിൽ വീശുന്ന കാറ്റ്, പകൽ സമയങ്ങളിൽ ചിലയിടങ്ങളിൽ 33 നോട്ട്സ് വരെ ശക്തി പ്രാപിച്ചേക്കാം. കടലിലും ഇതേ ദിശയിൽ ചില സമയങ്ങളിൽ 30 നോട്ട്സ് വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

കടൽ അതീവ പ്രക്ഷുബ്ധമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. തീരപ്രദേശങ്ങളിൽ തിരമാലകൾ രണ്ട് മുതൽ നാല് അടി വരെയും ചില സമയങ്ങളിൽ അഞ്ച് അടി വരെയും ഉയർന്നേക്കാം. ഉൾക്കടലിൽ തിരമാലകളുടെ ഉയരം നാല് മുതൽ ഏഴ് അടി വരെയാകാനും ചില അവസരങ്ങളിൽ ഇത് 10 അടി വരെ ഉയരാനും സാധ്യതയുണ്ട്.

തീരപ്രദേശങ്ങളിൽ സാധാരണ ഗതിയിൽ കാഴ്ച പരിധി നാല് മുതൽ എട്ട് കിലോമീറ്റർ വരെയായിരിക്കുമെങ്കിലും, പൊടിക്കാറ്റ് മൂലം പകൽ സമയങ്ങളിൽ ഇത് മൂന്ന് കിലോമീറ്ററോ അതിൽ താഴെയോ ആയി കുറയാൻ സാധ്യതയുണ്ട്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കടലിൽ പോകുന്നവരും തീരദേശവാസികളും കർശന മുൻകരുതലുകൾ സ്വീകരിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.