ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ എഴുതാം; സി.ബി.എസ്.ഇ ഉത്തരവിറക്കി
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളെ തുടർന്ന് റദ്ദാക്കിയ സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷകൾ വീണ്ടും നടത്താൻ തീരുമാനം. യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെയും ഇറാനിലെയും വിദ്യാർഥികൾക്കാണ് പ്രത്യേക പരീക്ഷയെഴുതാൻ അവസരം ലഭിക്കുക. അക്കാദമിക്, സ്‌കിൽ അധിഷ്ഠിത മേഖലകളിലെ 40 വിഷയങ്ങളിലാണ് പരീക്ഷ പുനഃസംഘടിപ്പിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സി.ബി.എസ്.ഇ പുറത്തിറക്കി.
മുമ്പ് പരീക്ഷകൾ റദ്ദാക്കിയപ്പോൾ പ്രത്യേക മൂല്യനിർണ്ണയ രീതി (അസസ്‌മെന്റ് സ്‌കീം) പ്രകാരമാണ് ബോർഡ് ഫലം പ്രസിദ്ധീകരിച്ചിരുന്നത്. എന്നാൽ ഈ ഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഇടപെട്ടതിനെ തുടർന്നാണ് പരീക്ഷ വീണ്ടും നടത്താൻ തീരുമാനമായത്. യു.എ.ഇ, ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ റെഗുലർ, പ്രൈവറ്റ് വിദ്യാർഥികൾക്ക് പരീക്ഷയെഴുതാം. എന്നാൽ മാർച്ച് പരീക്ഷയ്ക്ക് മുൻപ് രജിസ്റ്റർ ചെയ്യാത്തവർക്കും ഹാജരാകാതിരുന്നവർക്കും ഈ അവസരം ലഭിക്കില്ല.
പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഈ മാസം 22 മുതൽ ആരംഭിക്കും. 26 വരെ സി.ബി.എസ്.ഇ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി നൽകില്ലെന്ന് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. റദ്ദാക്കിയ വിഷയങ്ങളിൽ ഇഷ്ടമുള്ളവ തിരഞ്ഞെടുത്ത് വിദ്യാർഥികൾക്ക് പരീക്ഷയെഴുതാം. ഈ പരീക്ഷയിൽ ലഭിക്കുന്ന മാർക്കായിരിക്കും അന്തിമമായി കണക്കാക്കുക. മുൻപ് അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളിൽ തന്നെയായിരിക്കും പരീക്ഷകൾ നടക്കുക.
