യു.എ.ഇയിൽ സുഹൈൽ നക്ഷത്രം ഓഗസ്റ്റ് 24-ന് പ്രത്യക്ഷപ്പെടും; വേനൽച്ചൂടിന് ശമനമാകുന്നു
യു.എ.ഇയുടെ മാനത്ത് സുഹൈൽ നക്ഷത്രം ഓഗസ്റ്റ് 24-ന് പ്രത്യക്ഷപ്പെടുമെന്ന് റിപ്പോർട്ട്. കടുത്ത വേനലിന് വിരാമമിട്ട് രാജ്യം തണുപ്പുകാലത്തേക്ക് കടക്കുന്നതിന്റെ സൂചനയായാണ് അറബ് ലോകം സുഹൈലിന്റെ വരവിനെ കാണുന്നത്. പകൽ താപനില പലയിടങ്ങളിലും 50 ഡിഗ്രി സെൽഷ്യസ് കടന്ന് ചൂട് കടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആശ്വാസ വാർത്ത.
സുഹൈൽ നക്ഷത്രം ദൃശ്യമാകുന്നതോടെ 'സുഫ്രിയ്യ' എന്നറിയപ്പെടുന്ന 40 ദിവസത്തെ പരിവർത്തന കാലയളവിന് തുടക്കമാകുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി. ഈ കാലയളവിൽ കടുത്ത ചൂടിൽ നിന്ന് മിതമായ കാലാവസ്ഥയിലേക്ക് അന്തരീക്ഷം ക്രമേണ മാറും.
സുഹൈൽ ഉദിക്കുന്നത് കൊണ്ട് നേരിട്ട് താപനില കുറയുന്നില്ലെങ്കിലും, അറബ് ലോകത്ത് വേനൽച്ചൂടിന്റെ തീവ്രത കുറയുന്ന കാലയളവിനെ അടയാളപ്പെടുത്തുന്ന കലണ്ടറായാണ് ഇതിനെ കാണുന്നത്. മാറ്റങ്ങൾ ആദ്യം അനുഭവപ്പെടുക രാത്രികാലങ്ങളിലായിരിക്കും. 'സുഹൈൽ ഉദിച്ചാൽ രാത്രി തണുക്കും' എന്ന അറബ് പഴഞ്ചൊല്ല് പോലെ രാത്രിയിൽ ചൂടിന് കാര്യമായ ആശ്വാസം ലഭിച്ചുതുടങ്ങും.
