പാകിസ്താനിൽ പോലീസ് ചെക്ക്പോസ്റ്റിനുനേരെ ചാവേർ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക്
പാകിസ്താനിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തുൻഖ്വയിലെ ദേര ഇസ്മായിൽ ഖാൻ ജില്ലയിൽ പോലീസ് ചെക്ക്പോസ്റ്റിനുനേരെയുണ്ടായ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ചെക്ക്പോസ്റ്റിന്റെ പുറംമതിലിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടം പൂർണമായും തകരുകയും സമീപത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥരെയും സാധാരണക്കാരെയും രക്ഷാപ്രവർത്തകരും സൈന്യവും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശം പൂർണമായി വളഞ്ഞ സംയുക്ത സുരക്ഷാ സേനയും ഫോറൻസിക് സംഘവും പരിശോധന നടത്തുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം നിരോധിത ഭീകരസംഘടനയായ തെഹരീകെ താലിബാൻ പാകിസ്താൻ (ടി.ടി.പി) ഏറ്റെടുത്തു.
