ഒമാൻ സുൽത്താന്റെ ഫ്രാൻസ് സന്ദർശനം നാളെ മുതൽ
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നാളെ (ജൂൺ 28) ഫ്രാൻസിലേക്ക് പുറപ്പെടും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഈ സന്ദർശനമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ജൂൺ 28, 29 തീയതികളിലാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. ഒമാനും ഫ്രാൻസും തമ്മിലുള്ള ദീർഘകാല തന്ത്രപ്രധാന ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഊർജ്ജം, നിക്ഷേപം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം വികസിപ്പിക്കുന്നതിനും ഈ സന്ദർശനം വഴിയൊരുക്കും.
സുൽത്താനോടൊപ്പം രാജ്യത്തെ പ്രമുഖ ഉദ്യോഗസ്ഥരടങ്ങുന്ന ഉന്നതതല ഔദ്യോഗിക പ്രതിനിധി സംഘവും യാത്ര തിരിക്കുന്നുണ്ട്. പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിക് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി എന്നിവർ സംഘത്തിലുണ്ട്.
ഇവർക്ക് പുറമെ സ്വകാര്യ ഓഫീസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുൽസലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രി അൻവർ ബിൻ ഹിലാൽ അൽ ജബ്രി, ഫ്രാൻസിലെ ഒമാൻ അംബാസഡർ അഹമ്മദ് ബിൻ മുഹമ്മദ് അൽ അറൈമി എന്നിവരും സുൽത്താനെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നു.
