ആഗോള റാങ്കിങ്ങിൽ വൻ മുന്നേറ്റവുമായി സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി; 306-ാം സ്ഥാനത്ത്

  1. Home
  2. International

ആഗോള റാങ്കിങ്ങിൽ വൻ മുന്നേറ്റവുമായി സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി; 306-ാം സ്ഥാനത്ത്

oman


ഒമാനിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിക്ക് (SQU) ആഗോളതലത്തിൽ വൻ നേട്ടം. പ്രശസ്തമായ ക്യു.എസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ 28 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി സർവകലാശാല ലോകതലത്തിൽ 306-ആം സ്ഥാനം സ്വന്തമാക്കി. 'ഒമാൻ വിഷൻ 2040' ന്റെ ഭാഗമായി ലോകത്തെ മികച്ച 300 സർവകലാശാലകളുടെ പട്ടികയിൽ ഇടംപിടിക്കുക എന്ന ലക്ഷ്യത്തിന് തൊട്ടരികിലാണ് ഇപ്പോൾ യൂണിവേഴ്സിറ്റി.

യൂണിവേഴ്സിറ്റിയിലെ ഫാക്കൽറ്റികൾ, ഗവേഷകർ, വിദ്യാർഥികൾ എന്നിവരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് വൈസ് ചാൻസലർ സയ്യിദ് ഡോ. ഫഹദ് ബിൻ അൽ ജുലാന്ദ അൽ സെയ്ദ് പറഞ്ഞു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്ന പിന്തുണയാണ് ഈ വിജയത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെ 106 രാജ്യങ്ങളിൽ നിന്നുള്ള 8,808 സർവകലാശാലകളെ വിലയിരുത്തിയാണ് ഇത്തവണ ക്യു.എസ് റാങ്കിങ് നിശ്ചയിച്ചത്. ഇതിൽ 1,504 സ്ഥാപനങ്ങൾ മാത്രമാണ് അന്തിമ പട്ടികയിൽ ഇടം നേടിയത്. അക്കാദമിക് മികവ്, തൊഴിൽ സാധ്യതകൾ, ഗവേഷണ നിലവാരം ഉൾപ്പെടെ ഒമ്പത് പ്രധാന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു വിലയിരുത്തൽ. തൊഴിൽ വിപണിക്ക് അനുയോജ്യമായ രീതിയിൽ കോഴ്സുകൾ പരിഷ്കരിച്ചതും ശാസ്ത്രീയ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിച്ചതും ഒമാൻ സാമ്പത്തിക മന്ത്രാലയത്തിന്റെ പിന്തുണയും ഈ വലിയ മുന്നേറ്റത്തിന് ആക്കം കൂട്ടി.