ഒമാനിൽ വേനൽക്കാല ഉച്ചസമയ വർക്ക് പെർമിറ്റ്; ഏപ്രിൽ 5 മുതൽ അപേക്ഷിക്കാം
ഒമാനിൽ കടുത്ത വേനൽക്കാലത്ത് (ജൂൺ, ജൂലൈ, ഓഗസ്റ്റ്) ഉച്ചസമയങ്ങളിൽ അവശ്യ സേവനങ്ങൾ നൽകേണ്ടി വരുന്ന സ്ഥാപനങ്ങൾക്കുള്ള പ്രത്യേക വർക്ക് പെർമിറ്റ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്നു. ഏപ്രിൽ 5 മുതൽ ബിസിനസ്സ് ഉടമകൾക്ക് അപേക്ഷ സമർപ്പിക്കാമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. മെയ് 31 വരെയാണ് അപേക്ഷകൾ നൽകാനുള്ള സമയപരിധി.
തൊഴിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ 'എംപ്ലോയേഴ്സ് ഇ-സർവീസസ്' (Employer's E-services) പോർട്ടൽ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കടുത്ത ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമായിരിക്കും ഉച്ചസമയങ്ങളിൽ പ്രവർത്തിക്കാൻ അനുമതി നൽകുക. രാജ്യത്തെ അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ നടക്കാനും അതേസമയം തന്നെ ജീവനക്കാരുടെ ആരോഗ്യം ഉറപ്പാക്കാനുമാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
അപേക്ഷാ സമയപരിധി കൃത്യമായി പാലിക്കണമെന്നും ജീവനക്കാരുടെ സുരക്ഷ മുൻനിർത്തിയുള്ള എല്ലാ നിബന്ധനകളും ബിസിനസ്സ് ഉടമകൾ ഉറപ്പാക്കണമെന്നും മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
