വേനൽക്കാലം; ബീച്ചുകളിലും സ്വിമ്മിങ് പൂളുകളിലും സുരക്ഷാ മുന്നറിയിപ്പുമായി ബഹ്‌റൈൻ
കഠിനമായ വേനൽച്ചൂടിൽ ആശ്വാസം തേടി ബീച്ചുകളിലേക്കും സ്വിമ്മിംഗ് പൂളുകളിലേക്കും ജനങ്ങൾ ധാരാളമായി എത്തുന്ന പശ്ചാത്തലത്തിൽ, സുരക്ഷാ കാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുട്ടികളിലും മുതിർന്നവരിലും മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് നിർദ്ദേശം.
ആഭ്യന്തര മന്ത്രാലയത്തിന്റെ 'അൽ അമൻ' പരിപാടിയുടെ ഭാഗമായി കേണൽ ഡോ. ഒസാമ ബഹാറാണ് നിർദേശങ്ങൾ വ്യക്തമാക്കിയത്. പരിചയസമ്പന്നരായ നീന്തൽക്കാർക്ക് പോലും ചിലപ്പോൾ അപകടങ്ങൾ സംഭവിച്ചേക്കാമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
തുറസ്സായ കടലിൽ നീന്തുന്നവർ ബോട്ട്, ജെറ്റ് സ്കി ഓപ്പറേറ്റർമാരുടെ ശ്രദ്ധയിൽപ്പെടാനും തളർച്ച തോന്നുമ്പോൾ വിശ്രമിക്കാനും തിളക്കമുള്ള നിറങ്ങളിലുള്ള 'സ്വിം ബോയ്' ശരീരത്തിൽ ബന്ധിപ്പിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. തീരത്തിന് സമാന്തരമായി മാത്രം നീന്തുക, ആഴമുള്ള ഭാഗങ്ങൾ ഒഴിവാക്കുക, നീന്തുന്ന വിവരം മറ്റൊരാളെ അറിയിക്കുക എന്നിവയും പാലിക്കേണ്ടതുണ്ട്. ബോട്ട് ചാലുകൾ, തുറമുഖങ്ങൾ, പാലങ്ങൾക്കടിയിലെ ഭാഗങ്ങൾ, നീന്തൽ നിരോധിത മേഖലകൾ എന്നിവ പൂർണ്ണമായും ഒഴിവാക്കണം. ജലാശയങ്ങൾക്ക് സമീപം കുട്ടികളെ ഒരിക്കലും തനിച്ചാക്കരുതെന്നും കുട്ടികളുടെ കൈ വിടാതെ എപ്പോഴും ശ്രദ്ധിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
