യുഎഇയിൽ വേനൽച്ചൂട് കനക്കും
യുഎഇയിൽ വേനൽച്ചൂട് കനക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.
അബൂദബിയിൽ പകൽ സമയത്ത് താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. കുറഞ്ഞ താപനില 32 ഡിഗ്രി സെൽഷ്യസായിരിക്കും. ഷാർജയിൽ ഉയർന്ന താപനില 43 ഡിഗ്രിയും ദുബൈയിൽ 38 ഡിഗ്രിയും രേഖപ്പെടുത്തുമെന്നാണ് പ്രവചനം. ചില പ്രദേശങ്ങളിൽ കുറഞ്ഞ താപനില 31 ഡിഗ്രി വരെ താഴും.
രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തീരദേശ മേഖലകളിൽ ഉയർന്ന ആർദ്രത അനുഭവപ്പെടും. അബൂദബിയിൽ 20 മുതൽ 60 ശതമാനം വരെയും, ഷാർജയിൽ 35 മുതൽ 70 ശതമാനം വരെയും, ദുബൈയിൽ 40 മുതൽ 80 ശതമാനം വരെയും ഹ്യുമിഡിറ്റി ഉയരാൻ സാധ്യതയുണ്ട്.
മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ തെക്ക്-കിഴക്കൻ ദിശയിൽ നിന്ന് വടക്ക്-കിഴക്കൻ ദിശയിലേക്ക് നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ കാറ്റിന്റെ വേഗത 35 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ഇത് പൊടിക്കാറ്റിന് കാരണമായേക്കാം.അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
