കുവൈത്തിൽ വേനൽകാലം സെപ്റ്റംബർ 22-ന് അവസാനിക്കും
കടുത്ത ചൂടിനോട് വിടപറഞ്ഞ് കുവൈത്തിൽ ഈ വർഷത്തെ വേനൽകാലം സെപ്റ്റംബർ 22-ന് അവസാനിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. സീസൺ മാറ്റത്തിന്റെ ഭാഗമായി നിലവിൽ പകലിന്റെ ദൈർഘ്യം കുറയുകയും രാത്രി സമയത്തിന്റെ ദൈർഘ്യം കൂടുകയും ചെയ്യുന്നുണ്ട്. സെപ്റ്റംബർ 27-ഓടെ 'ഓട്ടംനൽ ഇക്വിനോക്സ്' പ്രതിഭാസത്തിന്റെ ഭാഗമായി പകലും രാത്രിയും തുല്യസമയമായി മാറും.
ഇന്നു മുതൽ രാജ്യം 26 ദിവസം നീണ്ടുനിൽക്കുന്ന ‘അൽ സുഫ്രി’ കാലയളവിലേക്ക് കടക്കുകയാണ്. താപനിലയിലെ ഏറ്റക്കുറച്ചിലുകൾ, മണൽക്കാറ്റ്, ഉയർന്ന ആർദ്രത, പ്രഭാതങ്ങളിലെ മൂടൽമഞ്ഞ് എന്നിവ ഈ ഘട്ടത്തിന്റെ പ്രത്യേകതയാണ്. വരും ദിവസങ്ങളിൽ ഉയർന്ന താപനില 45-47 ഡിഗ്രി സെൽഷ്യസും രാത്രിയിലെ കുറഞ്ഞ താപനില 24-27 ഡിഗ്രി സെൽഷ്യസും വരെയായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
