വേനൽ കഠിനമാകുന്നു; വാഹനങ്ങളുടെ സുരക്ഷയിൽ ജാഗ്രത വേണമെന്ന് റോയൽ ഒമാൻ പൊലീസ്

  1. Home
  2. International

വേനൽ കഠിനമാകുന്നു; വാഹനങ്ങളുടെ സുരക്ഷയിൽ ജാഗ്രത വേണമെന്ന് റോയൽ ഒമാൻ പൊലീസ്

oman


ഒമാനിൽ താപനില ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് റോയൽ ഒമാൻ പൊലീസ് (ROP) നിർദ്ദേശം നൽകി. വേനൽക്കാലത്ത് വാഹനങ്ങൾക്കുണ്ടാകാൻ സാധ്യതയുള്ള യാന്ത്രിക തകരാറുകൾ ഒഴിവാക്കാനും അതുവഴി അപകടങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ട്രാഫിക് ഡയറക്ടറേറ്റ് ജനറൽ വാഹനമോടിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

അമിത ചൂട് വാഹനത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ടയറുകൾ, ബാറ്ററികൾ, കൂളിങ് സംവിധാനങ്ങൾ എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. വാഹനത്തിലെ കൂളന്റ് അളവ്, എയർ കണ്ടീഷനിങ് സംവിധാനത്തിന്റെ പ്രവർത്തനക്ഷമത, ടയറുകളിലെ വായുമർദ്ദം എന്നിവ നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്. ടയർ പൊട്ടിത്തെറിച്ചും എൻജിൻ ഓവർഹീറ്റ് ആയും ഉണ്ടാകാനിടയുള്ള അപകടങ്ങൾ തടയാൻ ഇത് സഹായിക്കും.

വാഹനങ്ങൾ കേടുപാടുകൾ കൂടാതെ സംരക്ഷിക്കുന്നതിനായി പരമാവധി തണലുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യാൻ ശ്രദ്ധിക്കണമെന്നും പൊലീസ് ഓർമ്മിപ്പിച്ചു. അമിത ചൂടിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ ഉള്ളിലെ താപനില ഉയരുന്നത് ഒഴിവാക്കാൻ ഈ മുൻകരുതൽ സഹായിക്കും. ഡ്രൈവർമാർ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ പൊലീസിന്റെ സഹായം തേടണമെന്നും നിർദ്ദേശത്തിൽ പറയുന്നു.