ഹമദ് ടൗണിലെ ടണലുകളിൽ നിരീക്ഷണ ക്യാമറകൾ വരുന്നു; സുരക്ഷ വർദ്ധിപ്പിക്കാൻ പുതിയ നീക്കം

  1. Home
  2. International

ഹമദ് ടൗണിലെ ടണലുകളിൽ നിരീക്ഷണ ക്യാമറകൾ വരുന്നു; സുരക്ഷ വർദ്ധിപ്പിക്കാൻ പുതിയ നീക്കം

hamad


ബഹ്‌റൈനിലെ ഹമദ് ടൗണിലൂടെ കടന്നുപോകുന്ന പ്രധാന തുരങ്കങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന നിർദ്ദേശം അധികൃതരുടെ പരിഗണനയിൽ. ശൈഖ് ഖലീഫ ബിൻ സൽമാൻ സ്ട്രീറ്റിലെ ടണലുകളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി നോർത്തേൺ ഏരിയ മുനിസിപ്പൽ കൗൺസിലാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനും ഈ നീക്കം സഹായിക്കും.

തുരങ്കങ്ങൾക്കുള്ളിലെ വാഹന ഗതാഗതം കൃത്യമായി നിരീക്ഷിക്കുന്നതിലൂടെ ഡ്രൈവർമാർക്കിടയിൽ മികച്ച അച്ചടക്കം കൊണ്ടുവരാൻ സാധിക്കും. കൂടാതെ, ടണലുകൾക്കുള്ളിൽ അപകടങ്ങളോ തീപിടുത്തമോ ഉണ്ടായാൽ വിവരം വേഗത്തിൽ അറിയാനും രക്ഷാപ്രവർത്തനം ഉടൻ ആരംഭിക്കാനും ക്യാമറകൾ സഹായകമാകും. അനിഷ്ട സംഭവങ്ങൾ നടന്ന ശേഷം നടപടി എടുക്കുന്നതിന് പകരം, അപകട സാധ്യതകൾ മുൻകൂട്ടി കണ്ട് തടയാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനും കൃത്യമായ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്താനും പുതിയ ക്യാമറകൾ വരുന്നതോടെ മുനിസിപ്പൽ കൗൺസിലിന് സാധിക്കും. നിലവിൽ ഈ നിർദ്ദേശം കൗൺസിലിന്റെ പരിഗണനയിലാണുള്ളത്. പദ്ധതിയോട് അനുകൂല നിലപാടാണ് മിക്ക അംഗങ്ങളും സ്വീകരിച്ചിരിക്കുന്നത്.