കസ്റ്റംസ് സേവനങ്ങളുടെ ഗുണനിലവാരമറിയാൻ സർവേ: ഷാരിക് പ്ലാറ്റ്‌ഫോമിലൂടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം
ഖത്തറിലെ കസ്റ്റംസ് സേവനങ്ങളുടെ പ്രവർത്തനവും കാര്യക്ഷമതയും വിലയിരുത്തുന്നതിനായി ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് പൊതുജന അഭിപ്രായ സർവേ ആരംഭിച്ചു. സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോയുമായി സഹകരിച്ച് 'ഷാരിക്' (Sharek) എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയാണ് സർവേ നടത്തുന്നത്. സ്വദേശികൾക്കും പ്രവാസികൾക്കും ബിസിനസ് സംരംഭകർക്കും തങ്ങളുടെ സേവന അനുഭവങ്ങളും നിർദേശങ്ങളും ഇതിലൂടെ പങ്കുവെക്കാം.
കസ്റ്റംസ് സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, സുതാര്യത ഉറപ്പാക്കുക, അതിർത്തികളിലെയും ക്ലിയറൻസ് കേന്ദ്രങ്ങളിലെയും നടപടികൾ കൂടുതൽ ലളിതമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വ്യാപാരം കൂടുതൽ സുഗമമാക്കാനും ഉപഭോക്തൃ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും പൊതുജനങ്ങളിൽ നിന്നുള്ള നിർദേശങ്ങൾ സഹായിക്കും.
സർവേയിലൂടെ ലഭിക്കുന്ന വിവരങ്ങൾ സംയുക്ത സംഘം പരിശോധിച്ച് ആവശ്യമായ നയരൂപീകരണങ്ങളും തുടർനടപടികളും കൈക്കൊള്ളും. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കുന്നതിൽ കസ്റ്റംസ് വലിയ പങ്ക് വഹിക്കുന്നതിനാൽ സർവേയിൽ പങ്കാളികളാകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
