ടാങ്കർ എണ്ണ ചോർച്ച: ഉമ്മുൽഖുവൈൻ തീരങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതം; ബീച്ചുകൾ അടച്ചു
കപ്പലിൽ നിന്നുണ്ടായ എണ്ണ ചോർച്ച ഉമ്മുൽഖുവൈൻ തീരങ്ങളെ ബാധിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും വിവിധ പ്രാദേശിക വകുപ്പുകളും സംയുക്തമായാണ് ചോർച്ച നിയന്ത്രിക്കാനും തീരങ്ങൾ ശുചിയാക്കാനും അടിയന്തര നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ എന്നീ എമിറേറ്റുകളിൽ അനുഭവപ്പെട്ട അസാധാരണ ദുർഗന്ധത്തിന് കാരണം ഈ എണ്ണ ചോർച്ചയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ ഈ ദുർഗന്ധം ആരോഗ്യത്തിന് ഹാനികരമല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
മുൻകരുതലിന്റെ ഭാഗമായി ഉമ്മുൽഖുവൈനിലെ മുഴുവൻ ബീച്ചുകളും ഷാർജയിലെ അൽ ഹംരിയ ബീച്ചും താൽക്കാലികമായി അടച്ചു. കൂടാതെ ബാധിത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനും താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കാനും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.
