തിരക്കില്ലാതെ ത്വവാഫ് ചെയ്യാം; സമയം അറിയാൻ പുതിയ ഡിജിറ്റൽ സംവിധാനവുമായി സൗദി

  1. Home
  2. International

തിരക്കില്ലാതെ ത്വവാഫ് ചെയ്യാം; സമയം അറിയാൻ പുതിയ ഡിജിറ്റൽ സംവിധാനവുമായി സൗദി

saudi


വിശുദ്ധ മസ്ജിദുൽ ഹറാമിലെത്തുന്ന തീർഥാടകർക്ക് തിരക്ക് കുറഞ്ഞ സമയം മുൻകൂട്ടി അറിഞ്ഞ് ത്വവാഫും സഅ്‌യും നിർവഹിക്കാൻ സഹായിക്കുന്ന പുതിയ ഡിജിറ്റൽ സംവിധാനം നിലവിൽ വന്നു. ഇരുഹറം കാര്യാലയത്തിനായുള്ള ജനറൽ അതോറിറ്റിയാണ് തീർഥാടകർക്കായി ഈ നൂതന സേവനം പുറത്തിറക്കിയത്. ഹറം പള്ളിയിലെ തിരക്കിന്റെ തോത് തത്സമയം മൊബൈലിലൂടെ അറിയാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

തിരക്കിന്റെ അളവ് മനസ്സിലാക്കാൻ പ്രത്യേക 'കളർ ഇൻഡിക്കേറ്ററുകൾ' ആണ് ഈ സംവിധാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ വിവിധ നിറങ്ങൾ വഴി ഓരോ ഭാഗത്തെയും തിരക്ക് തീർഥാടകർക്ക് തിരിച്ചറിയാം. ഇതനുസരിച്ച് തിരക്ക് കുറഞ്ഞ സമയവും എളുപ്പത്തിലുള്ള പാതയും തിരഞ്ഞെടുക്കാൻ സാധിക്കും. ജനക്കൂട്ടത്തെ കൃത്യമായി നിയന്ത്രിക്കാനും സുരക്ഷിതമായ തീർഥാടനം ഉറപ്പാക്കാനുമാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.

വിദേശത്തുനിന്നും സ്വദേശത്തുനിന്നും എത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് ഈ ഡിജിറ്റൽ സേവനം വലിയ ആശ്വാസമാകും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഹജ്ജ്, ഉംറ തീർഥാടനം കൂടുതൽ സുഗമമാക്കുന്നതിനുള്ള സൗദി സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. തീർഥാടകർക്ക് സുഗമമായ ആരാധനകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ മസ്ജിദുൽ ഹറാമിൽ കൂടുതൽ സേവനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.