50 °C വരെ താപനില; സൗദിയുടെ വിവിധയിടങ്ങളിൽ ആഗസ്റ്റ് പകുതി വരെ ഉഷ്ണതരംഗം
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ആഗസ്റ്റ് പകുതി വരെ ശക്തമായ ഉഷ്ണതരംഗം തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ആഗസ്റ്റ് 9 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ പല മേഖലകളിലും കടുത്ത ചൂട് അനുഭവപ്പെടും. കിഴക്കൻ പ്രവിശ്യയെയും റിയാദ് മേഖലയുടെ കിഴക്കൻ, തെക്കൻ ഭാഗങ്ങളെയുമാണ് ചൂട് കൂടുതൽ ബാധിക്കുക.
ഉഷ്ണതരംഗം ബാധിക്കുന്ന പ്രദേശങ്ങളിൽ പരമാവധി താപനില 48 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. പ്രത്യേകിച്ച് കിഴക്കൻ പ്രവിശ്യയിലായിരിക്കും ഉഷ്ണതരംഗത്തിന്റെ ഏറ്റവും വലിയ ആഘാതം അനുഭവപ്പെടുക. റിയാദിന്റെ ചില ഭാഗങ്ങളിലും വരും ദിവസങ്ങളിൽ ഉയർന്ന താപനില അനുഭവപ്പെടും.
വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ കൃത്യമായി നിരീക്ഷിക്കാനും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. വിവരങ്ങൾക്കായി കാലാവസ്ഥാ കേന്ദ്രത്തിന്റെ വെബ്‌സൈറ്റ്, ആപ്പ്, സോഷ്യൽ മീഡിയ പേജുകൾ എന്നിവ പിന്തുടരണമെന്നും ജാഗ്രത പുലർത്തണമെന്നും NCM നിർദേശിച്ചു.
