ഖത്തറിൽ താപനില 47 ഡിഗ്രി സെൽഷ്യസ് കടന്നു, വരും ദിവസങ്ങളിലും കടുത്ത ചൂട് തുടരും

  1. Home
  2. International

ഖത്തറിൽ താപനില 47 ഡിഗ്രി സെൽഷ്യസ് കടന്നു, വരും ദിവസങ്ങളിലും കടുത്ത ചൂട് തുടരും

oman heat


ഖത്തറിൽ വേനൽച്ചൂട് അതികഠിനമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം റെക്കോർഡ് ചൂടാണ് അനുഭവപ്പെട്ടത്. വടക്കൻ-പശ്ചിമ മേഖലകളിൽ പലയിടങ്ങളിലും അന്തരീക്ഷ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തലസ്ഥാന നഗരത്തോട് ചേർന്നുള്ള ദോഹ എയർപോർട്ട്, ഖത്തർ യൂണിവേഴ്സിറ്റി, മീസൈമീർ, മുകൈനിസ്, കൂടാതെ സൗദി അതിർത്തി പ്രദേശമായ അബൂസംറ എന്നിവിടങ്ങളിലാണ് ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയായ 47 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. രാജ്യത്തെ മറ്റ് പ്രധാന മേഖലകളിലും സമാനമായ രീതിയിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഹമദ് എയർപോർട്ട്, ഷഹാനിയ, ജമൈലിയ, കരാന, തുറൈന എന്നിവിടങ്ങളിൽ 46 ഡിഗ്രി സെൽഷ്യസും, അൽ ഖോർ, ഗുവൈരിയ എന്നിവിടങ്ങളിൽ 45 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. വകറ, മിസൈദ് എന്നീ തീരദേശ മേഖലകളിൽ 44 ഡിഗ്രി സെൽഷ്യസായിരുന്നു ഉയർന്ന താപനില.

സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കീഴിലുള്ള ഖത്തർ കാലാവസ്ഥാ വിഭാഗത്തിന്റെ (QMD) വിലയിരുത്തൽ അനുസരിച്ച് വരും ദിവസങ്ങളിലും രാജ്യത്ത് ഇതേ രീതിയിൽ കടുത്ത ചൂട് തുടരാനാണ് സാധ്യത. സുരക്ഷിതമല്ലാത്ത സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.