സൗദിയിൽ താപനില കുറഞ്ഞു; 130-ലധികം പാർക്കുകൾ തുറന്നു
കാലാവസ്ഥ അനുകൂലമാവുകയും താപനില ഗണ്യമായി കുറയുകയും ചെയ്തതോടെ സൗദി അറേബ്യയുടെ ഉത്തര അതിർത്തി മേഖലയിലെ 130-ലധികം പാർക്കുകളും ഉദ്യാനങ്ങളും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. പ്രദേശത്തെ വിനോദ കേന്ദ്രങ്ങളിലും നടപ്പാതകളിലും വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ വൻതോതിൽ കുടുംബങ്ങളും സന്ദർശകരും ഈ കേന്ദ്രങ്ങളിലേക്ക് എത്തുന്നുണ്ട്.
പാർക്കുകളുടെയും ഉദ്യാനങ്ങളുടെയും സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. സന്ദർശകർക്കായി വിശാലമായ നടപ്പാതകൾ, ദീപാലങ്കാരങ്ങൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, കായിക സൗകര്യങ്ങൾ എന്നിവ സജ്ജമാക്കിയതായി മുൻസിപ്പാലിറ്റി വക്താവ് മുഹമ്മദ് ബിൻ സബ്തി അറിയിച്ചു.
പൊതുജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും തുറന്ന അന്തരീക്ഷത്തിൽ വിനോദത്തിനും കായിക പ്രവർത്തനങ്ങൾക്കും അവസരമൊരുക്കുന്നതിനുമാണ് ഇത്തരം സൗകര്യങ്ങൾ മുൻഗണന നൽകി ഒരുക്കിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.
