നിയമത്തിൽ താൽക്കാലിക ഇളവ്; വിസിറ്റ് വിസക്കാർക്ക് വിദേശത്ത് പോകാതെ തന്നെ തൊഴിൽ വിസയിലേക്ക് മാറാം

  1. Home
  2. International

നിയമത്തിൽ താൽക്കാലിക ഇളവ്; വിസിറ്റ് വിസക്കാർക്ക് വിദേശത്ത് പോകാതെ തന്നെ തൊഴിൽ വിസയിലേക്ക് മാറാം

visit visa


ഒമാനിൽ വിസിറ്റ് വിസയിൽ കഴിയുന്ന പ്രവാസികൾക്ക് തൊഴിൽ വിസയിലേക്ക് മാറാൻ ഇനി രാജ്യം വിടേണ്ടതില്ല. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുകയും വിമാന സർവീസുകൾ തടസ്സപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ റോയൽ ഒമാൻ പോലീസ് (ROP) നിയമത്തിൽ താൽക്കാലിക ഇളവ് അനുവദിച്ചു.

സാധാരണഗതിയിൽ വിസിറ്റ് വിസയിൽ നിന്ന് തൊഴിൽ വിസയിലേക്ക് മാറാൻ ഒമാനിൽ നിന്ന് എക്സിറ്റ് അടിച്ച് പുറത്തുപോയി തിരികെ വരണമെന്നായിരുന്നു നിയമം. രണ്ടര വർഷം മുമ്പ് കർശനമാക്കിയ ഈ നിയമത്തിനാണ് ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്. ഇതോടെ, ഒമാനിൽ തുടർന്നുകൊണ്ടുതന്നെ വിസ മാറ്റം സാധ്യമാകും. 50 ഒമാനി റിയാലാണ് ഇതിനുള്ള ഫീസായി ഈടാക്കുന്നത്.

വിഷയത്തിൽ ആർ.ഒ.പി ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയിട്ടില്ലെങ്കിലും, നിലവിൽ വിസ മാറ്റത്തിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് ദുബായ് ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളും സമാനമായ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ദുബായിൽ റെസിഡന്റ് പെർമിറ്റ് കാലാവധി കഴിഞ്ഞവർക്ക് പോലും പ്രവേശനത്തിന് ഇളവ് നൽകിയിട്ടുണ്ട്. വിമാന സർവീസുകൾ റദ്ദാക്കിയത് മൂലം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ഒമാന്റെ ഈ തീരുമാനം ഏറെ സഹായകമാകും.