പശ്ചിമേഷ്യയിൽ താത്കാലിക ആശ്വാസം; ഇറാനെതിരായ വെടിനിർത്തൽ രണ്ടാഴ്ച കൂടി നീട്ടി ട്രംപ്

  1. Home
  2. International

പശ്ചിമേഷ്യയിൽ താത്കാലിക ആശ്വാസം; ഇറാനെതിരായ വെടിനിർത്തൽ രണ്ടാഴ്ച കൂടി നീട്ടി ട്രംപ്

iran


പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിയ സംഘർഷാവസ്ഥയ്ക്ക് താൽക്കാലിക ആശ്വാസം. ഇറാനെതിരായ സൈനിക നടപടികൾക്കുള്ള സമയപരിധി അവസാനിക്കാൻ വെറും ഒരു മണിക്കൂർ ബാക്കി നിൽക്കെ, വെടിനിർത്തൽ രണ്ടാഴ്ച കൂടി നീട്ടുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെയും സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീറിന്റെയും ഇടപെടലിനെത്തുടർന്നാണ് ട്രംപിന്റെ ഈ സുപ്രധാന തീരുമാനം.

അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങൾ വിജയകരമായി പൂർത്തീകരിച്ചതായും ഇറാനുമായുള്ള ദീർഘകാല സമാധാന കരാർ ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്നും ട്രംപ് വ്യക്തമാക്കി. തർക്കവിഷയങ്ങളിൽ ഭൂരിഭാഗത്തിലും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. വെടിനിർത്തൽ കരാറിൽ ഇസ്രായേലും പങ്കാളിയാണെന്ന് വൈറ്റ് ഹൗസ് വക്താവ് സ്ഥിരീകരിച്ചു. ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലും തങ്ങളുടെ ബോംബാക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ സമ്മതിച്ചിട്ടുണ്ട്.

ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് നിബന്ധന:

ഹോർമുസ് കടലിടുക്ക് ഉടനടി പൂർണ്ണമായും സുരക്ഷിതമായും തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറാകണം എന്ന കടുത്ത നിബന്ധനയിലാണ് ട്രംപ് വെടിനിർത്തൽ നീട്ടിയത്. ഇതിൽ വീഴ്ച വരുത്തിയാൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ശക്തമായ സൈനിക ആക്രമണം നടത്തുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ മധ്യസ്ഥന്റെ വേഷമാണ് പാകിസ്ഥാൻ വഹിക്കുന്നത്. ഈ നീക്കം ലോകരാജ്യങ്ങൾക്കും ആഗോള വിപണിക്കും വലിയ ആശ്വാസമാണ് നൽകുന്നത്.