ബലൂചിസ്താനിൽ സംഘർഷം കടുക്കുന്നു; 52 പാക് സൈനികരെ വധിച്ചതായി ബി.എൽ.എ

  1. Home
  2. International

ബലൂചിസ്താനിൽ സംഘർഷം കടുക്കുന്നു; 52 പാക് സൈനികരെ വധിച്ചതായി ബി.എൽ.എ

balochistan


ബലൂചിസ്താനിലുടനീളം സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള തീയതികളിൽ നടത്തിയ ആക്രമണങ്ങളിൽ 52 പാകിസ്താൻ സൈനികരെ വധിച്ചതായി ബലൂച് ലിബറേഷൻ ആർമി (BLA). ഖാരാൻ, കലാത്, തുർബത്ത്, മസ്തൂങ്, ക്വറ്റ തുടങ്ങി പ്രവിശ്യയിലെ 12 കേന്ദ്രങ്ങളിലായി 28 ആക്രമണങ്ങൾ നടത്തിയെന്നാണ് സംഘടന അവകാശപ്പെടുന്നത്. പാക് സേനയുമായുള്ള ഏറ്റുമുട്ടലിൽ തങ്ങളുടെ 12 പോരാളികൾ കൊല്ലപ്പെട്ടതായി ബി.എൽ.എ വക്താവ് ജീയന്ദ് ബലൂച് സ്ഥിരീകരിച്ചു.

ഗ്വാദർ, മസ്തൂങ്, സൂറാബ്, പിഷിൻ തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാന ആക്രമണങ്ങൾ നടന്നത്. പിഷിനിലെ സിയാറത്ത് ക്രോസിൽ ബി.എൽ.എയുടെ 'ഫത്തേ സ്‌ക്വാഡ്' നടത്തിയ ആക്രമണത്തിൽ മാത്രം 18 പാക് സൈനികർ കൊല്ലപ്പെട്ടതായി ഇവർ അവകാശപ്പെടുന്നു. ഇതിനുപുറമേ, പാക് സൈന്യത്തിന് വേണ്ടി പ്രവർത്തിച്ചുവെന്നാരോപിച്ച് ബലൂചിസ്താൻ അവാമി പാർട്ടി നേതാവ് അബ്ദുൾ റഹ്‌മാൻ ലങ്കോവ്, റഹ്‌മത് സഈദ് എന്നിവരെ ക്വറ്റയിൽ വധിച്ചതിന്റെ ഉത്തരവാദിത്വവും ബി.എൽ.എ ഏറ്റെടുത്തു.

അതേസമയം, പ്രവിശ്യയിലെ ഖാരാൻ, വാഷുക് ജില്ലകളിൽ നടത്തിയ തിരിച്ചടിയിൽ 11 ബലൂച് ഭീകരവാദികളെ വധിച്ചതായി പാകിസ്താൻ സൈന്യം അറിയിച്ചു. ഖാരാനിൽ റോഡ് ഉപരോധിക്കാൻ ശ്രമിച്ച 8 പ്രക്ഷോഭകരെ സെപ്റ്റംബർ 6-നും, വാഷുകിൽ മൂന്ന് പേരെ തൊട്ടടുത്ത ദിവസവും സുരക്ഷാ സേന വധിച്ചതായി പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഐ.എസ്.പി.ആർ (ISPR) വ്യക്തമാക്കി.