ചെങ്കടലിൽ സംഘർഷം കടുക്കുന്നു: ഹൂതികൾക്ക് നേരെ സൗദി സഖ്യസേനയുടെ തിരിച്ചടി; 28 ഇന്ത്യൻ നാവികരെ രക്ഷിച്ച് ഇറാൻ
ചെങ്കടലിൽ ചരക്കു കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾക്ക് മറുപടിയായി യെമനിലെ ഹൊദെയ്ദാ ഗവർണറേറ്റിലുള്ള ഹൂതി സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി സൗദി സഖ്യസേന തിരിച്ചടി ആരംഭിച്ചു. ആക്രമണത്തിൽ യെമന്റെ ദേശീയ ടെലികമ്യൂണിക്കേഷൻ കോർപറേഷന്റെ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സമുദ്ര മേഖലയിലെ തന്ത്രപ്രധാനമായ കമറൻ ദ്വീപിലും ആക്രമണമുണ്ടായി.
അതേസമയം, ഹൊദെയ്ദാ, റാസ് ഇസാ, സാലിഫ് തുടങ്ങിയ പ്രധാന തുറമുഖങ്ങൾക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും ഈ തുറമുഖങ്ങളുടെ പ്രവർത്തനം സാധാരണ നിലയിൽ തുടരുന്നതായും സഖ്യസേന വക്താവ് സ്ഥിരീകരിച്ചു. സൗദി റൂട്ടുകളിലൂടെയുള്ള ചരക്ക് നീക്കം തടയാൻ ഹൂതികൾ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി തുടരുമെന്ന് സഖ്യസേന മുന്നറിയിപ്പ് നൽകി. എന്നാൽ സഖ്യസേനയുടെ നടപടിക്ക് മറുപടിയായി സൗദിയിലെ ജിസാൻ, യാൻബു എന്നിവിടങ്ങളിലെ അരാംകോ കേന്ദ്രങ്ങളിലേക്ക് മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു.
ഇറാൻ തീരത്ത് നാവികരെ രക്ഷപ്പെടുത്തി:
മറ്റൊരു സംഭവവികാസത്തിൽ, ഹോർമുസ് കടലിടുക്കിന് സമീപം മിസൈൽ ആക്രമണത്തിനിരയായ 'ദിഷ' (DISHA) എന്ന മൊസാംബിക് പതാക വഹിച്ച എൽ.പി.ജി ടാങ്കറിലെ 28 ഇന്ത്യൻ നാവികരെ ഇറാൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി. കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്ന് ഇന്ത്യയിലെ ഇറാൻ സ്ഥാനപതിയും ടെഹ്റാനിലെ ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചു.
ഗാസയിൽ ഇസ്രായേൽ ആക്രമണം:
വടക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ പോലീസ് വിഭാഗം മേധാവിയും വടക്കൻ ഗാസ ഗവർണറുമായ ബ്രിഗേഡിയർ ജനറൽ അബ്ദുൽ നാസർ മഖദ്മ കൊല്ലപ്പെട്ടു.
