അബൂദബിയിലും റാസൽഖൈമയിലും പറക്കും കാറുകളുടെ പരീക്ഷണം; കരാർ ഒപ്പുവെച്ചു
അബൂദബിക്കും റാസൽഖൈമക്കുമിടയിൽ പറക്കും കാറുകൾ പരീക്ഷിക്കുന്നതിനും ഡെമോൺസ്‌ട്രേഷൻ റൂട്ട് ആരംഭിക്കുന്നതിനുമായി പ്രമുഖ ചൈനീസ് നിർമാതാക്കളായ 'അരിഡ്ജു'മായി റാസൽഖൈമ ഭരണകൂടം കരാർ ഒപ്പുവെച്ചു. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് ഈ സുപ്രധാന കരാർ. ഔദ്യോഗിക ചട്ടങ്ങൾ രൂപീകരിക്കുന്നതിന് മുന്നോടിയായി വിമാനങ്ങൾ സുരക്ഷിതമായി പറത്തി വിലയിരുത്തുന്നതിനുള്ള 'റെഗുലേറ്ററി സാൻഡ്‌ബോക്‌സ്' സംവിധാനത്തിനും ഇതോടെ തുടക്കമായി.
തുടക്കത്തിൽ മരുഭൂമിയിലെ കാലാവസ്ഥയിൽ വിമാനത്തിന്റെ പ്രകടനം വിലയിരുത്തുകയും തുടർന്ന് അബൂദബി-റാസൽഖൈമ റൂട്ടിൽ ഫ്ലൈറ്റ് പ്ലാനിങ്, സുരക്ഷാ പ്രോട്ടോക്കോളുകൾ എന്നിവ പരിശോധിക്കുകയും ചെയ്യും. നിലവിൽ റോഡ് മാർഗം ഒന്നര മണിക്കൂർ വേണം ഇരു നഗരങ്ങൾക്കുമിടയിൽ യാത്ര ചെയ്യാൻ.
പരീക്ഷണം വിജയകരമാകുന്നതോടെ മിഡിൽ ഈസ്റ്റിൽ നാഷണൽ ലെവൽ റെഗുലേറ്ററി സാൻഡ്‌ബോക്‌സിൽ പ്രവേശിക്കുന്ന ആദ്യ ചൈനീസ് കമ്പനിയായി അരിഡ്ജ് മാറും. എമിറേറ്റിലെ സമ്പദ്‌വ്യവസ്ഥയെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി എന്ന് റാസൽഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി വ്യക്തമാക്കി.
