വിസ നിയമങ്ങളിൽ വലിയ മാറ്റവുമായി തായ്ലാൻഡ്
വിനോദ സഞ്ചാരികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളിൽ വലിയ വർദ്ധന. വിസ നിയമങ്ങളിൽ വലിയ മാറ്റവുമായി തായ്ലാൻഡ്. വിദേശ പൗരന്മാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി 90ലധികം രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കുള്ള വിസ രഹിത താമസ കാലാവധി തായ്ലാൻഡ് വെട്ടിക്കുറച്ചു. മെയ് 19 ചൊവ്വാഴ്ച ബാങ്കോക്കിൽ ചേർന്ന തായ്‌ലൻഡ് മന്ത്രിസഭാ യോഗമാണ് ഈ സുപ്രധാന തീരുമാനത്തിന് അംഗീകാരം നൽകിയത്. വിനോദസഞ്ചാരം തായ്‌ലൻഡിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന തൂണുകളിലൊന്നാണെങ്കിലും, രാജ്യത്ത് വിദേശികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ നിർബന്ധിതരായത്. ഇതുവരെ നിലവിലുണ്ടായിരുന്ന നിയമപ്രകാരം ഇന്ത്യ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്‌ട്രേലിയ, യൂറോപ്പിലെ 29 ഷെൻഗൻ രാജ്യങ്ങൾ ഉൾപ്പെടെ 93 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വിസയില്ലാതെ 60 ദിവസം വരെ തായ്‌ലൻഡിൽ തങ്ങാൻ അനുമതിയുണ്ടായിരുന്നു. ടൂറിസം മേഖലയ്ക്ക് കൊവിഡിന് ശേഷം വലിയൊരു ഉണർവ് നൽകാനായി 2024 ജൂലൈയിലാണ് തായ് ഗവൺമെന്റ് ഈ ആനുകൂല്യം കൊണ്ടുവന്നത്. എന്നാൽ പുതിയ ക്യാബിനറ്റ് തീരുമാനത്തോടെ ഈ 60 ദിവസത്തെ ഓട്ടോമാറ്റിക് വിസ രഹിത കാലാവധി അവസാനിക്കുകയാണ്.
