അക്ഷരലോകത്തിന് വിരുന്നൊരുക്കി 49-ാമത് കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേള; നവംബർ 18 മുതൽ മിഷ്രിഫിൽ തുടക്കമാകും
അക്ഷരപ്രേമികൾക്ക് വിപുലമായ വായനാനുഭവം സമ്മാനിക്കാൻ 49-ാമത് കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേള നവംബർ 18 മുതൽ 28 വരെ നടക്കും. നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് (എൻ.സി.സി.എ.എൽ) സംഘടിപ്പിക്കുന്ന മേളയ്ക്ക് 'നാം വായിക്കുന്നു... നാം ഉയരുന്നു' എന്നതാണ് ഇത്തവണത്തെ പ്രമേയം. നവംബർ 18-ന് രാവിലെ 10 മണിക്ക് ഉദ്ഘാടന ചടങ്ങുകൾ നടക്കും. 19 അറബ് രാജ്യങ്ങളും 15 വിദേശ രാജ്യങ്ങളുമടക്കം ആകെ 34 രാജ്യങ്ങളിൽ നിന്നുള്ള 592 പ്രസാധകരും സ്ഥാപനങ്ങളും പ്രദർശനത്തിൽ അണിനിരക്കും.
പങ്കെടുക്കുന്നവരിൽ 32 രാജ്യങ്ങൾ ആദ്യമായാണ് മേളയുടെ ഭാഗമാകുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇത്തവണത്തെ മേളയുടെ 'സാംസ്കാരിക വ്യക്തിത്വമായി' ഡോ. ഖലീഫ അൽ വുഗയാനെ ആദരിക്കും. ഖത്തറാണ് മേളയിലെ പ്രത്യേക അതിഥി രാജ്യം. പ്രത്യേക പവലിയനുകളിലൂടെയും സാംസ്കാരിക പരിപാടികളിലൂടെയും ഖത്തർ തങ്ങളുടെ സാഹിത്യ-ബൗദ്ധിക സംഭാവനകൾ സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കും.
മിഷ്രിഫിലെ ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ടിൽ 20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പ്രദർശനം ഒരുക്കുന്നത്. പ്രസാധകർക്കും സർക്കാർ-സാംസ്കാരിക സ്ഥാപനങ്ങൾക്കുമായി പ്രത്യേകം ഹാളുകൾ സജ്ജീകരിച്ചിട്ടുണ്ട്. പുസ്തക പ്രദർശനത്തിന് പുറമെ സെമിനാറുകൾ, കവിതാ സന്ധ്യകൾ, ശിൽപ്പശാലകൾ, കുട്ടികൾക്കും ഭിന്നശേഷിക്കാർക്കുമായുള്ള പ്രത്യേക പരിപാടികൾ എന്നിവയുൾപ്പെടെ 60-ലധികം സാംസ്കാരിക പരിപാടികളും മേളയോടനുബന്ധിച്ച് നടക്കും.
