ബഹ്‌റൈൻ ഭരണഘടനാ ശിൽപിയും മുൻ സഹമന്ത്രിയുമായ ഡോ. ഹുസൈൻ അൽ ബഹർന അന്തരിച്ചു

ബഹ്‌റൈനിലെ മുൻ സഹമന്ത്രിയും നിയമപണ്ഡിതനും ഭരണഘടന ശിൽപിയുമായ ഡോ. ഹുസൈൻ അൽ ബഹർന (93) അന്തരിച്ചു. 1973ൽ ബഹ്‌റൈൻ ഭരണഘടന രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ച അദ്ദേഹം കാൽ നൂറ്റാണ്ടോളം നിയമകാര്യ സഹമന്ത്രിയുമായിരുന്നു.അദ്ദേഹത്തിൻ്റെ ഭൗതികശരീരം ഇന്ന് (ജൂൺ 30) വൈകിട്ട് അഞ്ചിന് അൽ ഹൂറ ഖബർസ്ഥാനിൽ സംസ്കരിച്ചു
വിദേശത്ത് നിയമം പഠിച്ച ആദ്യകാല ബഹ്‌റൈനികളിലൊരാളാണ് ബഹർന. 1953ൽ ബാഗ്ദാദിൽനിന ബിരുദം നേടിയ ശേഷം ബ്രിട്ടനിലും നെതർലാൻഡ്‌സിലും ഉപരിപഠനം നടത്തി. 1961ൽ കേംബ്രിഡ്ജ് സർവകലാശാലയിൽനിന്ന് പൊതു അന്താരാഷ്ട്ര നിയമത്തിൽ ഡോക്ടറേറ്റ് നേടി. 1971ൽ നിയമകാര്യ സഹമന്ത്രിയായി. 1995 വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. 1973ൽ ഭരണഘടനയുടെ കരടും ആധുനിക സിവിൽ നിയമവും തയാറാക്കുന്നതിൽ നിർണായക പങ്കു വഹിച്ചു
1987 മുതൽ 2006 വരെ ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നിയമ കമ്മീഷനിൽ ഏഷ്യയുടെ പ്രതിനിധിയായി സേവനമനുഷ്ഠിച്ചു. 2003 മുതൽ 2005 വരെ ഇന്റർനാഷണൽ കൗൺസിൽ ഫോർ കൊമേഴ്‌സ്യൽ ആർബിട്രേഷൻ ബോർഡിൽ അംഗവുമായി. നിയമസംബന്ധമായ മൂന്നു ഗ്രന്ഥങ്ങളുടെ കർത്താവാണ്. 1986ൽ അറബ് ഹിസ്റ്റോറിയൻസ് മെഡലും 1996ൽ ബഹ്‌റൈന്റെ ഫസ്റ്റ് ക്ലാസ് സ്റ്റേറ്റ് ഓർഡറും 2001ൽ ശൈഖ് ഇസ ബിൻ സൽമാന്റെ ഫസ്റ്റ് ക്ലാസ് ഓർഡറും ലഭിച്ചു.