ബ്രോഡ് പീക്കിലെ ഹിമപാതത്തിൽ മരിച്ച ഒമാനി പർവതാരോഹക നാദിറ അൽ ഹാർത്തിയുടെ ഭൗതികശരീരം ഒമാനിലെത്തിച്ചു
പാകിസ്താനിലെ കാരക്കോറം മലനിരകളിലെ ബ്രോഡ് പീക്കിൽ ഹിമപാതത്തെ തുടർന്ന് മരണപ്പെട്ട ഒമാനി പർവതാരോഹക നാദിറ അൽ ഹാർത്തിയുടെ (47) ഭൗതികശരീരം ഒമാനിൽ എത്തിച്ചു. വികാരനിർഭരമായ അന്തരീക്ഷത്തിലാണ് ജന്മനാട് പ്രിയപുത്രിയുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ പ്രണാമമർപ്പിച്ചത്. ട്രാൻസം ഒമാനാണ് മൃതദേഹം തിരിച്ചെത്തിച്ച വിവരം സ്ഥിരീകരിച്ചത്. ജൂലൈ 30-നാണ് പത്തംഗ സംഘത്തിനൊപ്പം മഞ്ഞുമല കയറവെ അപകടമുണ്ടായത്.
മൗണ്ട് എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഒമാനി വനിത എന്ന ചരിത്രനേട്ടത്തിന് ഉടമയാണ് നാദിറ. ജ്യോഗ്രഫിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം അധ്യാപികയായും വിദ്യാഭ്യാസ മന്ത്രാലയത്തിലും പ്രവർത്തിച്ച നാദിറ ഭൂമിശാസ്ത്രത്തോടുള്ള അഭിനിവേശം കൊണ്ടാണ് പർവതാരോഹണത്തിലേക്ക് തിരിഞ്ഞത്. ലോകത്തിലെ 12-ാമത്തെ ഉയർന്ന കൊടുമുടിയായ ബ്രോഡ് പീക്കിൽ (8,047 മീറ്റർ) ക്യാമ്പ് മൂന്നിന് താഴെ വെച്ച് ഉണ്ടായ കനത്ത ഹിമപാതത്തിലാണ് ദുരന്തമുണ്ടായത്. നാദിറയ്ക്കൊപ്പം പ്രശസ്ത നേപ്പാളി-ബ്രിട്ടീഷ് പർവതാരോഹകൻ നിർമൽ പുർജ ഉൾപ്പെടെയുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്.
