മേഖലയിലെ സംഘർഷ സാഹചര്യം; കുട്ടികളെ കൈകാര്യം ചെയ്യാനും വ്യാജവാർത്തകൾ തടയാനും മാർഗ്ഗനിർദ്ദേശങ്ങളുമായി അബുദാബി
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും വ്യാജവാർത്തകൾ പടരുന്നത് തടയുന്നതിനുമായി അബുദാബി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കുട്ടികളിലെ പേടിയും ഉത്കണ്ഠയും കുറയ്ക്കുന്നതിനും രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനുമായി അബുദാബി എർലി ചൈൽഡ്ഹുഡ് അതോറിറ്റിയാണ് (ECA) ഈ ഗൈഡ് പുറത്തിറക്കിയത്. യുദ്ധവാർത്തകളും ദൃശ്യങ്ങളും കുട്ടികളിലുണ്ടാക്കുന്ന ആഘാതം കുറയ്ക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
മേഖലയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് കുട്ടികളുമായി സംസാരിക്കുമ്പോൾ ലളിതമായ ഭാഷ ഉപയോഗിക്കാനും അവരിലുണ്ടാകുന്ന സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാനും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. കുട്ടികളുടെ മുന്നിലിരുന്ന് അമിതമായി വാർത്തകൾ കാണുന്നതും ചർച്ച ചെയ്യുന്നതും ഒഴിവാക്കണം. അവരിൽ സുരക്ഷിതബോധം വളർത്തുന്നതിനാണ് മുൻഗണന നൽകേണ്ടത്. കൂടാതെ, സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വാർത്തകളും കിംവദന്തികളും വിശ്വസിക്കരുതെന്നും ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നിയമനടപടികൾക്ക് കാരണമാകുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും യുഎഇ ഗവൺമെന്റ് വ്യക്തമാക്കുന്നു.
