ഗതാഗതക്കുരുക്ക് മറികടക്കാൻ അടിയന്തര പാത ഉപയോഗിച്ചു; ദുബായിൽ ഈ വർഷം പിടിയിലായത് 4,504 പേർ, കർശന മുന്നറിയിപ്പുമായി പൊലീസ്
ട്രാഫിക് കുരുക്കിൽ നിന്ന് രക്ഷപ്പെടാനായി റോഡിലെ അടിയന്തര പാത (എമർജൻസി ലൈൻ / ഹാർഡ് ഷോൾഡർ) നിയമവിരുദ്ധമായി ഉപയോഗിച്ച 4,504 വാഹനങ്ങൾക്ക് ഈ വർഷം പിഴ ചുമത്തിയതായി ദുബായ് പൊലീസ് അറിയിച്ചു. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.
ഹാർഡ് ഷോൾഡറുകൾ അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ളതാണെന്നും ഗതാഗതക്കുരുക്ക് മറികടക്കാനുള്ള കുറുക്കുവഴിയല്ലെന്നും ദുബായ് പൊലീസ് ഓർമ്മിപ്പിച്ചു. റോഡ് ഷോൾഡറിലൂടെ നിയമം ലംഘിച്ച് വാഹനങ്ങൾ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചാണ് പൊലീസ് ഡ്രൈവർമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയത്.
അപകട സ്ഥലങ്ങളിലേക്കും മറ്റും കുതിക്കുന്ന ആംബുലൻസ്, പൊലീസ് വാഹനം, സിവിൽ ഡിഫൻസ് തുടങ്ങിയ അടിയന്തര വിഭാഗങ്ങൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാനാണ് ഈ പാതകൾ നീക്കിവെച്ചിരിക്കുന്നത്. മറ്റ് വാഹനങ്ങൾ ഈ ട്രാക്കിലേക്ക് പ്രവേശിക്കുന്നത് രക്ഷാപ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷാ നിയമങ്ങൾ പൂർണ്ണമായി പാലിക്കണമെന്നും തങ്ങളുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കരുതെന്നും ദുബായ് പൊലീസ് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.
