വ്യാജപ്രസ്താവന സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു; കടുത്ത മുന്നറിയിപ്പുമായി കുവൈത്ത് നാഷണൽ ഗാർഡ്
ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്ററിന്റെ പേരിൽ കുവൈത്ത് നാഷണൽ ഗാർഡിന്റേതെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പ്രസ്താവനകൾക്കെതിരെ പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പുമായി നാഷണൽ ഗാർഡ് അധികൃതർ രംഗത്ത്. നിലവിൽ വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന ചിത്രം പൂർണ്ണമായും തെറ്റായതാണെന്നും, ഇത് മനഃപൂർവ്വം വ്യാജമായി നിർമിച്ചതാണെന്നും കുവൈത്ത് നാഷണൽ ഗാർഡ് ഔദ്യോഗിക വക്താവ് ഡോ. ജദ്ആൻ ഫാദിൽ ജദ്ആൻ വ്യക്തമാക്കി.
ഔദ്യോഗിക ഭരണകൂട സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വാർത്തകളും പ്രസ്താവനകളും പൊതുജനങ്ങൾക്കിടയിലേക്ക് പങ്കുവെക്കുന്നതിന് മുമ്പ്, വിവരങ്ങളുടെ സത്യാവസ്ഥ കൃത്യമായി ബോധ്യപ്പെടേണ്ടതുണ്ട്. വാർത്തകൾക്കായി ഔദ്യോഗിക അക്കൗണ്ടുകളെയും വാർത്താ സ്രോതസ്സുകളെയും മാത്രം ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം പ്രത്യേകം ഊന്നിപ്പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ഇത്തരം വ്യാജവാർത്തകളും തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കങ്ങളും പൊതുജനങ്ങൾക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കാൻ കാരണമാകും.
ഇത്തരം വ്യാജ നിർമ്മിതികൾ രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളുടെ വിശ്വാസ്യത തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും വക്താവ് കൂട്ടിച്ചേർത്തു. ഇന്റർനെറ്റിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ കിംവദന്തികളിൽ ആരും വീണുപോകരുതെന്നും, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും കുവൈത്ത് നാഷണൽ ഗാർഡ് ജനങ്ങളെ ഓർമ്മിപ്പിച്ചു.
