റമദാനിലെ ആദ്യ 20 ദിവസങ്ങൾ; ഇരുഹറമുകളിലുമെത്തിയത് 9.6 കോടി സന്ദർശകർ

  1. Home
  2. International

റമദാനിലെ ആദ്യ 20 ദിവസങ്ങൾ; ഇരുഹറമുകളിലുമെത്തിയത് 9.6 കോടി സന്ദർശകർ

umrah


വിശുദ്ധ റമദാനിലെ ആദ്യ 20 ദിവസങ്ങൾ പിന്നിടുമ്പോൾ സൗദി അറേബ്യയിലെ മസ്ജിദുൽ ഹറമിലും മസ്ജിദുന്നബവിയിലുമായി എത്തിയത് 9.6 കോടി വിശ്വാസികളാണെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകരുടെ വൻ തിരക്കാണ് ഈ വർഷം അനുഭവപ്പെടുന്നത്. ഇതിൽ 5.7 കോടി വിശ്വാസികൾ മക്കയിലെ മസ്ജിദുൽ ഹറം സന്ദർശിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഈ കാലയളവിൽ മാത്രം 1.5 കോടി തീർഥാടകർ ഉംറ നിർവഹിച്ചു. മദീനയിലെ മസ്ജിദുന്നബവിയിൽ 2.1 കോടി വിശ്വാസികളാണ് എത്തിയത്. ഇതിൽ 5,79,100 പേർ പ്രവാചകന്റെ മഖ്‌ബറ സ്ഥിതി ചെയ്യുന്ന റൗദ ശരീഫ് സന്ദർശിക്കുകയും ചെയ്തു. സന്ദർശകരുടെ എണ്ണത്തിലുണ്ടായ ഈ വമ്പിച്ച വർധനവ് കണക്കിലെടുത്ത് വിപുലമായ സുരക്ഷാ-സേവന ക്രമീകരണങ്ങളാണ് അതോറിറ്റി ഒരുക്കിയിരിക്കുന്നത്.

കാര്യക്ഷമമായ ആസൂത്രണത്തിലൂടെയും അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും തീർഥാടകർക്ക് സുഗമമായ ആരാധനാ സൗകര്യങ്ങൾ ഉറപ്പാക്കാൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി. റമദാനിലെ അവസാന പത്തിലേക്ക് കടന്നതോടെ തിരക്ക് ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി കൂടുതൽ ജീവനക്കാരെയും സന്നദ്ധപ്രവർത്തകരെയും ഹറമുകളിൽ വിന്യസിച്ചിട്ടുണ്ട്.