മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഹെലികോപ്റ്റർ സേവന കേന്ദ്രം 'ഹെലിപാർക്ക്' റിയാദിൽ വരുന്നു
മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്കൻ മേഖലകളിലെ തന്നെ ആദ്യത്തെ സമ്പൂർണ്ണ സംയോജിത ഹെലികോപ്റ്റർ സേവന കേന്ദ്രമായ 'ഹെലിപാർക്ക്' സൗദി അറേബ്യയിൽ പ്രവർത്തനമാരംഭിക്കുന്നു. റിയാദിലെ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് സോണും പ്രമുഖ ഹെലികോപ്റ്റർ വിതരണക്കാരായ റോട്ടർട്രേഡും (Rotortrade) തമ്മിൽ ഒപ്പിട്ട കരാറിലൂടെയാണ് ഈ വൻകിട പദ്ധതി യാഥാർഥ്യമാകുന്നത്. റിയാദ് ഇന്റഗ്രേറ്റഡ് സോണിലെ 20,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ കേന്ദ്രം സജ്ജീകരിക്കുന്നത്.
ഹെലികോപ്റ്ററുകളുടെ വിൽപന, അറ്റകുറ്റപ്പണികൾ, സ്പെയർ പാർട്‌സ് ലഭ്യമാക്കൽ തുടങ്ങി എല്ലാ സേവനങ്ങളും ഒരൊറ്റ കേന്ദ്രത്തിൽ ലഭ്യമാക്കുക എന്നതാണ് ഹെലിപാർക്കിന്റെ ലക്ഷ്യം. ഇതിനായി പ്രത്യേക ഹാങ്ങറുകൾ, വർക്ക്ഷോപ്പുകൾ, ഹെലിപാഡുകൾ എന്നിവ ഇവിടെ നിർമ്മിക്കും. കൂടാതെ, പ്രവർത്തന കാലാവധി കഴിഞ്ഞ ഹെലികോപ്റ്ററുകൾ അഴിച്ചുമാറ്റി അവയുടെ ഭാഗങ്ങൾ പുനരുപയോഗിക്കാൻ കഴിയുന്ന വിധത്തിൽ മാറ്റുന്നതിനുള്ള റീജിയണൽ സെന്ററായും ഇത് പ്രവർത്തിക്കും.
സൗദി വിഷൻ 2030-ന്റെയും നാഷണൽ ട്രാൻസ്‌പോർട്ട് ആൻഡ് ലോജിസ്റ്റിക് സ്ട്രാറ്റജിയുടെയും ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആഗോള വ്യോമയാന ഭൂപടത്തിൽ സൗദിയുടെ സ്ഥാനം ഉറപ്പിക്കുന്നതിനൊപ്പം പ്രാദേശികമായി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അത്യാധുനിക സാങ്കേതികവിദ്യ രാജ്യത്ത് ലഭ്യമാക്കാനും ഹെലിപാർക്ക് സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
