സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടും; മിനിമം വേതനം പുതുക്കണമെന്നാവശ്യപ്പെട്ട് നഴ്‌സുമാരുടെ സമരം ഇന്ന് മുതൽ
മിനിമം വേതനം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ഇന്ന് മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (UNA) നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കുന്നത്. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് നഴ്‌സുമാർ സമരപാത തിരഞ്ഞെടുത്തത്. പണിമുടക്കിന്റെ ഭാഗമായി ഇന്ന് സമരക്കാർ സെക്രട്ടേറിയറ്റിലേക്ക് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
ചെറുകിട ക്ലിനിക്കുകൾ മുതൽ വൻകിട മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ വരെയുള്ള ഏകദേശം 490 ഓളം സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് നഴ്‌സുമാർ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് സംഘടന അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യമേഖലയുടെ പ്രവർത്തനം സാരമായി തടസ്സപ്പെടാൻ സാധ്യതയുണ്ട്. വാർഡ് ഡ്യൂട്ടികളിൽ നിന്ന് നഴ്‌സുമാർ പൂർണ്ണമായും വിട്ടുനിൽക്കും. എന്നാൽ അത്യാഹിത വിഭാഗങ്ങളിൽ (Emergency) സേവനം ലഭ്യമാക്കുമെന്നും അവിടെ മൂന്നിലൊന്ന് നഴ്‌സുമാർ മാത്രമേ ജോലിയിൽ പ്രവേശിക്കൂ എന്നും യുഎൻഎ നേതൃത്വം വ്യക്തമാക്കി.
നഴ്‌സുമാർ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളിൽ സർക്കാർ മെല്ലെപ്പോക്ക് നയം തുടരുകയാണെന്നും അനിശ്ചിതകാല സമരമല്ലാതെ മറ്റ് വഴികളില്ലെന്നുമാണ് സംഘടനയുടെ നിലപാട്. സമരം നീണ്ടുപോയാൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പൂർണ്ണമായും സ്തംഭിക്കുന്ന സാഹചര്യമുണ്ടാകും. ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് സർക്കാർ മുൻകൈ എടുക്കണമെന്നാണ് രോഗികളും ബന്ധുക്കളും ആഗ്രഹിക്കുന്നത്.
