ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ വർഷം വരും; യുഎഇ ടൂറിസം വകുപ്പ് മന്ത്രി
ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്കായി ഒരു ഏകീകൃത ടൂറിസ്റ്റ് വിസ ഈ വർഷം അവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുമെന്ന് യുഎഇയുടെ സാമ്പത്തിക, ടൂറിസം മന്ത്രിയും എമിറേറ്റ്സ് ടൂറിസം കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ തൗഖ് അൽ മാരി അറിയിച്ചു.യൂറോപ്പിലെ ഷെങ്കൻ വിസയുടെ മാതൃകയിലുള്ള ഈ സംരംഭം യാഥാർത്ഥ്യമാകുന്നതോടെ, വിനോദസഞ്ചാരികൾക്ക് ഒറ്റ വിസ ഉപയോഗിച്ച് ആറ് ജിസിസി രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിൽ യാത്ര ചെയ്യാൻ സാധിക്കും. യുഎഇ വാർത്താ ഏജൻസിയായ വാമിന് നൽകിയ അഭിമുഖത്തിലാണ് അൽ മാരിയുടെ സുപ്രധാന വെളിപ്പെടുത്തൽ.
ഇതൊരു തന്ത്രപരമായ പ്രാദേശിക സംയോജന നീക്കമാണെന്നും, ഇത് ഗൾഫ് മേഖലയുടെ ടൂറിസം ആകർഷണം ഗണ്യമായി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷണ ഘട്ടം പൂർത്തിയാക്കിയ ശേഷം പദ്ധതി പൂർണ്ണമായി നടപ്പാക്കുമെന്നും, വിസയ്ക്ക് ഇതിനോടകം അംഗീകാരം ലഭിച്ചു കഴിഞ്ഞതായും അദ്ദേഹം സൂചിപ്പിച്ചു. വിസയുടെ കൃത്യമായ ചാർജ്, കാലാവധി തുടങ്ങിയ വിശദാംശങ്ങൾ നിലവിൽ പുറത്തുവിട്ടിട്ടില്ല.വിദഗ്ധരുടെ അഭിപ്രായത്തിൽ, ജിസിസി ഏകീകൃത വിസ മേഖലയിലെ ടൂറിസം രംഗത്തും സമ്പദ്വ്യവസ്ഥയിലും വലിയ മുന്നേറ്റമുണ്ടാക്കും. ഇതിലൂടെ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ജിഡിപിയിൽ ശ്രദ്ധേയമായ വർധനവുണ്ടാകുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.
ഈ പുതിയ വിസ സംവിധാനം എല്ലാ ജിസിസി രാജ്യങ്ങൾക്കും പ്രയോജനകരമാകുമെങ്കിലും യുഎഇക്കും സൗദിക്കുമായിരിക്കും ഏറ്റവും വലിയ നേട്ടം ലഭിക്കുക. 2024-ൽ മാത്രം 3.3 ദശലക്ഷം ജിസിസി സന്ദർശകരാണ് യുഎഇയിൽ എത്തിയത്. ഇത് അവിടുത്തെ മൊത്തം അതിഥികളുടെ 11% വരും. ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് കരുത്തേകുന്ന ഈ നീക്കം, യുഎഇയുടെ വർദ്ധിച്ചുവരുന്ന ഹോസ്പിറ്റാലിറ്റി രംഗത്തിന് കൂടുതൽ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി, വ്യോമയാനം തുടങ്ങിയ മേഖലകളിലെ വാണിജ്യ ലൈസൻസുകൾ 2025 സെപ്റ്റംബർ പകുതിയോടെ 39,546 ആയി ഉയർന്നിട്ടുണ്ട്, ഇത് 2020-നെ അപേക്ഷിച്ച് 275% വർദ്ധനവാണ്.
