ആഫ്രിക്കയുടെ കാവൽക്കാരൻ വിടവാങ്ങി; ലോകപ്രശസ്ത 'സൂപ്പർ ടസ്കർ' ക്രെയ്ഗ് ചരിഞ്ഞു
ആഫ്രിക്കൻ വന്യജീവി ലോകത്തെ വിസ്മയമായിരുന്ന 'സൂപ്പർ ടസ്കർ' ക്രെയ്ഗ് ചരിഞ്ഞു. 54 വയസ്സായിരുന്നു. കെനിയയിലെ അംബോസെലി നാഷനൽ പാർക്കിലെ അന്തേവാസിയായിരുന്ന ക്രെയ്ഗ് വാർദ്ധക്യസഹജമായ കാരണങ്ങളാലാണ് വിടവാങ്ങിയത്. ലോകമെമ്പാടുമുള്ള വന്യജീവി ഫോട്ടോഗ്രാഫർമാരുടെയും സഞ്ചാരികളുടെയും പ്രിയങ്കരനായിരുന്നു ഈ കൊമ്പൻ. നിലത്ത് മുട്ടിനിൽക്കുന്ന അതിബൃഹത്തായ കൊമ്പുകളാണ് ക്രെയ്ഗിനെ ലോകപ്രശസ്തനാക്കിയത്. ഓരോ കൊമ്പിനും 45 കിലോഗ്രാമിലധികം ഭാരമുണ്ടായിരുന്നു. ഭൂമിയിൽ നിലവിൽ അവശേഷിക്കുന്ന അതീവ അപൂർവ്വമായ 'സൂപ്പർ ടസ്കർ' വിഭാഗത്തിൽപ്പെട്ട ആനകളിൽ പ്രധാനിയായിരുന്നു ക്രെയ്ഗ്. കൊമ്പുകൾക്കായി വേട്ടക്കാർ ലക്ഷ്യം വയ്ക്കാൻ സാധ്യതയുള്ളതിനാൽ അതീവ സുരക്ഷയിലായിരുന്നു ക്രെയ്ഗിന്റെ ജീവിതം.
വമ്പൻ കൊമ്പുണ്ടെങ്കിലും മനുഷ്യരോട് വളരെ ശാന്തമായി ഇടപെട്ടിരുന്ന ആനയായിരുന്നു ഇത്. ആഫ്രിക്കയിലെ അനധികൃത വേട്ടയ്ക്കെതിരായ പോരാട്ടത്തിന്റെയും വന്യജീവി സംരക്ഷണത്തിന്റെയും വിജയചിഹ്നമായാണ് ക്രെയ്ഗ് അറിയപ്പെട്ടിരുന്നത്. 2021-ൽ കെനിയയുടെ ദേശീയ പാനീയമായ 'കെനിയൻ ലാഗറി'ന്റെ ബ്രാൻഡ് അംബാസഡറായി ക്രെയ്ഗ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സൂപ്പർ ടസ്കർ വിഭാഗത്തിൽപ്പെട്ട വിരലിലെണ്ണാവുന്ന ആനകൾ മാത്രം അവശേഷിക്കെ, ക്രെയ്ഗിന്റെ വിയോഗം ആഫ്രിക്കൻ വന്യജീവി പൈതൃകത്തിന് വലിയ നഷ്ടമാണെന്ന് വന്യജീവി സംരക്ഷണ പ്രവർത്തകർ അനുസ്മരിച്ചു.
